Join News @ Iritty Whats App Group

താമരശ്ശേരി ചുരത്തില്‍ വ്യൂപോയിന്റില്‍ കൊക്കയ്ക്ക് സമീപം ബസിന്റെ ബ്രേക്ക് പോയി ; ഡ്രൈവറുടെ മനസ്സാന്നിദ്ധ്യം 37 യാത്രക്കാരെ രക്ഷപ്പെടുത്തി


കോഴിക്കോട്: താമരശ്ശേരി ചുരവും വാഹനത്തിന്റെ ബ്രേക്ക് പോകലും മുത്തശ്ശി എന്ന വിളിയുമെല്ലാം വെള്ളാനകളുടെ നാട് സിനിമയില്‍ കുതിരവട്ടം പപ്പുവിലൂടെ മലയാളികള്‍ ഏറെ ആസ്വദിച്ച തമാശയാണ്. എന്നാല്‍ അത്തരം ഒരു രംഗം ജീവിതത്തില്‍ നേരിടേണ്ടി വന്നാല്‍ എന്തു ചെയ്യും? അത്തരം ഒരു സംഭവം കോഴിക്കോടുകാരനായ കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ ഫിറോസിനെ ഒറ്റ ദിവസം കൊണ്ട് താരമാക്കി മാറ്റി.

നിറയെ യാത്രക്കാരുമായി വന്ന കെ.എസ്.ആര്‍.ടി.സി. ബസിന്റെ ബ്രേക്ക് താമരശ്ശേരി ചുരത്തില്‍ വെച്ച് പോകുകയും വാഹനം ഓടിച്ചിരുന്ന ഫിറോസ് ഹാന്‍ഡ്‌ബ്രേക്കിട്ട് ബസ് നിര്‍ത്തുകയും ചെയ്തപ്പോള്‍ ഒഴിവായിപ്പോയത് വന്‍ ദുരന്തം. ബംഗലുരുവില്‍ നിന്നും വന്ന കെ.എസ്.ആര്‍.ടി.സി. സൂപ്പര്‍ഡീലക്സ് എയര്‍ബസിന്റെ ബ്രേക്ക് തൊട്ട് എതിര്‍വശത്ത് വലിയ കൊക്കയുള്ള താമരശ്ശേരി വ്യൂപോയിന്റില്‍ വെച്ചായിരുന്നു നഷ്ടമായത്.

ഹാന്‍ഡ് ബ്രേക്കിട്ട് നിര്‍ത്തുക അല്ലെങ്കില്‍ വലതുവശത്തുള്ള പാറയില്‍ ഇടിപ്പിച്ചു നിര്‍ത്തുക എന്ന രണ്ടു വഴികള്‍ മാത്രമായിരുന്നു മുന്നിലെന്ന് ഫിറോസ് പറയുന്നു. ബസ് ഹാന്‍ഡ്‌ബ്രേക്ക് ഇട്ടു നിര്‍ത്തി വാഹനം നിറുത്തി. വെള്ളിയാഴ്ച പുലര്‍ച്ചെ ആറുമണിയോടെയാണ് സംഭവം. ബംഗലുരുവില്‍ നിന്നും കോഴിക്കോട്ടേക്ക് പോയ ബസ് തലനാരിഴയ്ക്കാണ് ആഴത്തിലുള്ള കൊക്കയിലേക്ക് വീഴാതെ രക്ഷപ്പെട്ടത്.

വ്യൂപോയിന്റിന്റെ തുടക്കത്തില്‍വെച്ച് ഗീയര്‍മാറ്റാന്‍ തുടങ്ങിയപ്പോഴാണ് വാഹനത്തിന്റെ ബ്രേക്കിന്റെ എയര്‍ സംവിധാനത്തില്‍ തകരാറുണ്ടെന്ന് തോന്നിയത്. പെട്ടെന്ന് തന്നെ ഗീയര്‍ ഡൗണ്‍ ചെയ്ത് ഹാന്‍ഡ്‌ബ്രേക്കിട്ട് ബസ് നിര്‍ത്തി. അല്‍പ്പദൂരം മുമ്പോട്ട് പോയ ശേഷം ബസ് പെട്ടെന്നു നിന്നു. 37 യാത്രക്കാരുമായി പോയ ബസായിരുന്നു. ബസ് നിര്‍ത്തിയ ശേഷമാണ് യാത്രക്കാര്‍ വിവരം അറിയുന്നത്.

ബസ് നിയന്ത്രിക്കാന്‍ കഴിഞ്ഞില്ലായിരുന്നെങ്കില്‍ വന്‍ അപകടമുണ്ടായേനെ. യാത്രക്കാരെ പിന്നീട് പിന്നാലെ വന്ന മറ്റൊരു ബസില്‍ കയറ്റി വിട്ടു. കോഴിക്കോട് ഡിപ്പോയില്‍ ജോലി ചെയ്യുന്ന ഫിറോസ് കുന്ദമംഗലം സ്വദേശിയാണ്. ഏഴു വര്‍ഷമായി കെഎസ്ആര്‍ടിസി ഓടിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group