Join News @ Iritty Whats App Group

രാഹുലിന്‍റെ പ്രസംഗം പ്രകമ്പനം കൊള്ളിക്കുന്നു, ഗോഡ്‌സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകും; സ്റ്റാലിന്‍

ചെന്നൈ: ഭാരത് ജോഡോ യാത്രക്കിടെ രാഹുല്‍ ഗാന്ധി നടത്തുന്ന പ്രസംഗങ്ങളെ പ്രശംസിച്ച് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. രാഹുല്‍ ഗാന്ധിയുടെ പ്രസംഗങ്ങള്‍ രാജ്യത്ത് വലിയ പ്രകമ്പനങ്ങള്‍ സൃഷ്ടിക്കുന്നുണ്ടെന്ന് സ്റ്റാലിന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിനും കക്ഷി രാഷ്ട്രീയത്തിനും അപ്പുറം പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുല്‍ സംസാരിക്കുന്നത്. ഇതില്‍ ഗോഡ്സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു. 

തമിഴ്‌നാട്ടിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ. ഗോപണ്ണയുടെ 'മാമനിതര്‍ നെഹ്‌റു' എന്ന പുസ്തകത്തിന്‍റെ പ്രകാശന ചടങ്ങില്‍ സംസാരിക്കവെയാണ് സ്റ്റാലിന്‍ രാഹുല്‍ ഗാന്ധിയെയും ഭാരത് ജോഡോ യാത്രയേയും ആവോളം പ്രശംസിച്ചത്. മതേതരത്വത്തിന്റെയും സമത്വത്തിന്റെയും മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടക്കേണ്ടതുണ്ട്. അതിന് നെഹ്‌റുവിനേയും മഹാത്മാഗാന്ധിയേയും പോലുള്ള നേതാക്കള്‍ രാജ്യത്തിനാവശ്യമാണ്. ഒരു യഥാര്‍ഥ ജനാധിപത്യവാദിയായിരുന്നു നെഹ്‌റുവെന്നും അതുകൊണ്ടാണ് എല്ലാ ജനാധിപത്യശക്തികളും അദ്ദേഹത്തെ വാഴ്ത്തുന്നതെന്നും സ്റ്റാലിന്‍ പറഞ്ഞു. 

മതേതരവാദിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു കോണ്‍ഗ്രസിനേക്കാള്‍ ഉപരി ഇന്ത്യയുടെ ശബ്ദമാണ് ഉയര്‍ത്തിപ്പിടിച്ചത്. ഇന്നത്തെ രാഷ്ട്രീയ ചുറ്റുപാടുകള്‍ നെഹ്‌റുവിന്റെ യഥാര്‍ഥ മൂല്യം മനസ്സിലാക്കി തരുന്നുണ്ടെന്നും സ്റ്റാലിന്‍ കൂട്ടിച്ചേര്‍ത്തു. ചില സമയം രാഹുല്‍ നെഹ്‌റുവിനെ പോലെയാണ് സംസാരിക്കുന്നത്. പ്രത്യയശാസ്ത്രത്തിന്റെ രാഷ്ട്രീയമാണ് രാഹുല്‍ സംസാരിക്കുന്നത്. മഹാത്മാഗാന്ധിയുടേയും നെഹ്‌റുവിന്റെയും പിന്മുറക്കാരുടെ നിലപാടുകളില്‍ ഗോഡ്‌സേയുടെ പിന്മുറക്കാര്‍ അസന്തുഷ്ടരാകുമെന്നും സ്റ്റാലിന്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group