Join News @ Iritty Whats App Group

യാത്രക്കാര്‍ കൂടുമ്പോള്‍ വിമാനത്താവളത്തിന്റെ ശേഷിയും വർധിപ്പിക്കണം; എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരോട് വ്യോമയാന മന്ത്രാലയം


ന്യൂഡല്‍ഹി: യാത്രക്കാരെ വഹിക്കാനുള്ള രാജ്യത്തെ എയര്‍പോര്‍ട്ടുകളുടെ ശേഷി വര്‍ധിപ്പിക്കണമെന്ന നിര്‍ദ്ദേശവുമായി കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രാലയം. രാജ്യത്തെ എല്ലാ എയര്‍പോര്‍ട്ടുകള്‍ക്കും ഈ നിര്‍ദ്ദേശം നല്‍കിയതായാണ് റിപ്പോര്‍ട്ട്. തിരക്ക് വര്‍ധിക്കുന്ന സാഹചര്യങ്ങള്‍ മുന്നില്‍ക്കണ്ടാണ് മന്ത്രാലയത്തിന്റെ നിര്‍ദ്ദേശമെന്നാണ് സൂചന.

ഇതേത്തുടര്‍ന്ന് ബെംഗളുരുവിലെയും മുംബൈയിലേയും എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുമായി സിവില്‍ ഏവിയേഷന്‍ വകുപ്പ് സെക്രട്ടറി രാജീവ് ബന്‍സല്‍ ചര്‍ച്ച നടത്തിയിരുന്നു. ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ), ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) എന്നിവയുടെ ഡയറക്ടര്‍മാരും ചര്‍ച്ചയില്‍ പങ്കെടുത്തിരുന്നു. ബെംഗളുരു, മുംബൈ എയര്‍പോര്‍ട്ടുകളില്‍ തിരക്ക് വര്‍ധിച്ച സമയത്ത് അവ നിയന്ത്രിച്ച നടപടികളെപ്പറ്റിയും ചര്‍ച്ചയില്‍ പരാമര്‍ശിച്ചു.

യാത്രക്കാരുടെ എണ്ണം വര്‍ധിക്കുന്നതിനനുസരിച്ച് ഉള്ള ക്രമീകരണങ്ങള്‍ എയര്‍പോര്‍ട്ടുകളില്‍ സ്വീകരിക്കണമെന്ന് രാജീവ് ബന്‍സല്‍ പറഞ്ഞു. എയര്‍പോര്‍ട്ടിലെത്തുന്നവരെ ബുദ്ധിമുട്ടിക്കാതെ യാത്ര സുഗമമാക്കുന്ന നയങ്ങള്‍ നടപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, എയര്‍പോര്‍ട്ട് പ്രവര്‍ത്തനങ്ങള്‍ സുതാര്യമാക്കുന്നതിന്റെ ഭാഗമായി ഒരു ഡെയ്‌ലി റിപ്പോര്‍ട്ട് തയ്യാറാക്കി കേന്ദ്ര മന്ത്രാലയത്തിന് സമര്‍പ്പിക്കണമെന്നും യോഗത്തില്‍ തീരുമാനിച്ചു. യാത്രക്കാര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍, സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങി എല്ലാ വിവരങ്ങളും അടങ്ങിയ റിപ്പോര്‍ട്ടാണ് സര്‍ക്കാരിന് നല്‍കേണ്ടത്.

പ്രധാന വിമാനത്താവളങ്ങളിലെ സ്ഥിതിഗതികള്‍ തുടര്‍ച്ചയായി നിരീക്ഷിക്കുന്നതിലൂടെ എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തന ശേഷി വര്‍ധിപ്പിക്കാന്‍ കഴിയുമെന്ന് സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിലെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

യാത്രക്കാരുടെ വര്‍ധനവ് രാജ്യത്തെ ചില എയര്‍പോര്‍ട്ടുകളുടെ പ്രവര്‍ത്തനത്തെ ബാധിക്കുന്നതായി കേന്ദ്രസര്‍ക്കാരിന് ബോധ്യപ്പെട്ടിരുന്നു. എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ വളരെയധികം സമയം യാത്രക്കാര്‍ കാത്തിരിക്കേണ്ട അവസ്ഥയും സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെട്ടിരുന്നു.

ഡിസംബര്‍ ഏഴിന് സിവില്‍ ഏവിയേഷന്‍ വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് ഓപ്പറേറ്റര്‍മാരുടെ ഒരു ചര്‍ച്ച സംഘടിപ്പിച്ചിരുന്നു. മേല്‍പ്പറഞ്ഞ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ചര്‍ച്ച.

Post a Comment

أحدث أقدم
Join Our Whats App Group