Join News @ Iritty Whats App Group

'ആശങ്ക സത്യസന്ധമെങ്കിൽ കത്ത് അയക്കേണ്ടത് പ്രധാനമന്ത്രിക്ക്'; ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗെലോട്ട്


ദില്ലി: രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്ന് അറിയിച്ച ആരോഗ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി അശോക് ഗെലോട്ട്. ആരോഗ്യമന്ത്രിയുടെ ആശങ്ക സത്യസന്ധമാണെങ്കിൽ ആദ്യം കത്ത് അയക്കേണ്ടത് പ്രധാനമന്ത്രിക്കാണെന്ന് അശോക് ഗെലോട്ട് വിമര്‍ശിച്ചു. ത്രിപുരയിൽ റാലി നടത്തിയപ്പോൾ പ്രധാനമന്ത്രി ഒരു മാനദണ്ഡവും പാലിച്ചിരുന്നില്ലെന്നാണ് ഗെലോട്ടിന്‍റെ വിമര്‍ശനം. ഭാരത് ജോഡോ യാത്രയ്ക്ക് ലഭിച്ച പിന്തുണയിലുള്ള അസ്വസ്ഥതയാണ് കത്തിന് പിന്നിലെന്നും ഗെലോട്ട് വിമര്‍ശിച്ചു.

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചില്ലെങ്കിൽ യാത്ര നിറുത്തിവയ്ക്കേണ്ടി വരുമെന്ന് കാണിട്ട് കേന്ദ്ര ആരോഗ്യമന്ത്രി അയച്ച കത്തിനെ ചൊല്ലി രാഷ്ട്രീയ വിവാദം മുറുകുകയാണ്. വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം ആശങ്കയാകുന്നത് ഭാരത് ജോഡോ യാത്രയ്ക്കെതിരെ ആയുധമാക്കുയാണ് കേന്ദ്ര സർക്കാർ. മാസ്കും സാനിറ്റൈസറും ഉൾപ്പെടെ കൊവിഡ് പ്രതിരോധത്തിനുള്ള നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രി രാഹുൽ ഗാന്ധിക്കും അശോക് ഗെലോട്ടിനും കത്തയച്ചു. വാക്സീൻ സ്വീകരിച്ചവരെ മാത്രം യാത്രയിൽ പങ്കെടുപ്പിക്കണമെന്നും പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കാൻ കഴിയില്ലെങ്കിൽ ആരോഗ്യ അടിയന്തരാവസ്ഥ പരിഗണിച്ച് യാത്ര മാറ്റിവയ്ക്കണമെന്നും മൻസൂക് മാണ്ഡവ്യയുടെ കത്തിലുണ്ട്. ഗാന്ധി കുടുംബം രാജ്യത്തെ നിയമങ്ങൾക്ക് മുകളിലാണോ എന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂർ ചോദിച്ചു. 

എന്നാല്‍, ഗുജറാത്ത് തെരഞ്ഞെടുപ്പിലെ റോഡ് ഷോയിൽ പ്രധാനമന്ത്രി കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചിരുന്നോ എന്ന് ചോദിച്ചാണ് കോൺഗ്രസ് തിരിച്ചടിക്കുന്നത്. പാർലമെൻ്റ് സമ്മേളനം പോലും കൊവിഡ് മാനദണ്ഡങ്ങൾ ഇല്ലാതെയാണ് നടക്കുന്നത്. യാത്രയിലെ ജനപിന്തുണ കണ്ടാണ് സർക്കാരിനറെ നീക്കമെന്നും കോൺഗ്രസ് പ്രതികരിച്ചു. ഭാരത് ജോഡോ യാത്ര ദില്ലിയിലേക്ക് കടക്കാനിരിക്കെയാണ് വിവാദം ശക്തമാകുന്നത്. ജനുവരി 26ന് കശ്മീരിൽ അവസാനിക്കേണ്ട യാത്ര അവസാനിപ്പിക്കാൻ സർക്കാർ ഇപ്പോഴത്തെ സാഹചര്യം ഉപയോഗിക്കുമോ എന്നാണ് കോൺഗ്രസ് സംശയിക്കുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group