Join News @ Iritty Whats App Group

ക്രിസ്മസ് പുലരിയിൽ സംസ്ഥാനത്ത് മൂന്ന് വ്യത്യസ്ത അപകടങ്ങളിലായി അഞ്ച് യുവാക്കൾ മരിച്ചു

ക്രിസ്തുമസ് പുലരിയിൽ സംസ്ഥാനത്ത് വ്യത്യസ്ത സ്ഥലങ്ങളിലുണ്ടായ അപകടത്തിൽ അഞ്ച് മരണം. മരിച്ചത് എല്ലാം യുവാക്കൾ. കൊല്ലം, കോഴിക്കോട്, എറണാകുളം ജില്ലകളിലാണ് അപകടം നടന്നത്.

കോഴിക്കോട് കൊയിലാണ്ടി ദേശീയപാതയില്‍ ബൈക്കുകള്‍ കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. വടകര കുര്യാടി സ്വദേശികളായ അശ്വിൻ, ദീക്ഷിത് എന്നിവരാണ് മരിച്ചത്. ഇരുവരും 18,19 വയസുകാരാണ്. എതിര്‍ദിശയില്‍ നിന്നെത്തിയ ബൈക്കുമായി കൂട്ടിയിടിച്ച് റോഡില്‍ തലയടിച്ച് വീണാണ് മരണം. പുതിയാപ്പ ഉത്സവത്തിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെ രാവിലെ നാലു മണിയോടെ ആയിരുന്നു അപകടം നടന്നത്.

കുണ്ടറയില്‍ നിയന്ത്രണം വിട്ട കാര്‍ മരത്തിലിടിച്ച് രണ്ട് പേര്‍ മരിച്ചു. കുണ്ടറ നാന്തിരിക്കൽ സ്വദേശി ജോബിൻ ഡിക്രൂസ് (25),പേരയം മുളവന സ്വദേശി ആഗ്നൽ സ്റ്റീഫൻ (25) എന്നിവരാണ് മരിച്ചത്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പുലര്‍ച്ചെ 3.37ന് ആണ് അപകടം സംഭവിച്ചത്. ക്രിസ്തുമസ് ആഘോഷം കഴിഞ്ഞ് വരികയായിരുന്ന സുഹൃത്തുക്കൾ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകടത്തിനു കാരണം എന്ന് സൂചന.

അങ്കമാലി മോണിങ് സ്റ്റാർ കോളേജിന് സമീപം ബൈക്ക് അപകടത്തിൽ യുവാവ് മരിച്ചു. അങ്കമാലി തുറവൂർ ശിവജിപുരം വാഴേലിപറമ്പിൽ വീട്ടിൽ അശ്വിനാണ് (23) മരിച്ചത്.ഞായറാഴ്ച പുലർച്ചെ 1.25ഓടെയായിരുന്നു അപകടം. അങ്കമാലിയിൽ നിന്ന് ആലുവ ഭാഗത്തേക്ക് വരുകയായിരുന്ന ബൈക്ക് വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട് മീഡിയനിൽ കയറിയിറങ്ങി മറിയുകയായിരുന്നു. റോഡിൽ തെറിച്ച് അവശനായ അശ്വിനെ അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Post a Comment

أحدث أقدم
Join Our Whats App Group