അസമിൽ യുവതിയെ കൊന്ന് പത്ത് മാസം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി. സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കെന്ദുഗുരി ബൈലുങ് സ്വദേശി നിതുമണി ലുഖുറാഖൻ എന്ന യുവതിയുടെ കുഞ്ഞിനെയാണ് ഇവരെ കൊലപ്പെടുത്തിയ ശേഷം തട്ടിക്കൊണ്ടുപോയത്. നിതുമണിയുടെ മൃതദേഹം ചരയ്ദിയോ ജില്ലയിലുള്ള രാജാബാരി തേയിലത്തോട്ടത്തിലെ ഓടയിൽ നിന്നും കണ്ടെത്തുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട യുവതിയുടെ അമ്മയടക്കം നാലുപേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ദമ്പതികളായ പ്രണാലി ഗോഗോയി, ബസന്ത ഗൊഗോയി, ഇവരുടെ മകൻ പ്രശാന്ത ഗൊഗോയി, കൊല്ലപ്പെട്ട യുവതിയുടെ അമ്മയായ ബോബി ലുഖുറഖനെ എന്നിവരെയാണ് സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ഗൊഗോയ് ദമ്പതികളുടെ മകൾക്ക് കുട്ടികളില്ലായിരുന്നു. അതിനാൽ മകൾക്ക് നൽകാൻ വേണ്ടിയാണ് ഇവർ യുവതിയെ കൊന്ന് കുഞ്ഞിനെ തട്ടിയെടുത്തത് എന്നാണ് കരുതുന്നത്. കുട്ടിയെ തട്ടിയെടുത്ത ശേഷം ഹിമാചലിൽ താമസിക്കുന്ന മകൾക്ക് നൽകാനായിരുന്നു പദ്ധതി. തിങ്കളാഴ്ച മുതലാണ് യുവതിയെ കാണാതായത്. ചന്തയിൽ പോവുകയാണ് എന്ന് പറഞ്ഞ് പോയ യുവതി തിരികെ എത്തിയില്ല.
അതേസമയം പ്രതികൾ യുവതിയെ തെറ്റിദ്ധരിപ്പിച്ച ശേഷം കുഞ്ഞിനേയും അവളേയും കൊണ്ട് ഒരിടത്തെത്തുകയായിരുന്നു. അവിടെ വച്ച് കുഞ്ഞിനെ തട്ടിയെടുക്കാൻ പ്രതികൾ ശ്രമിച്ചു. എന്നാൽ, യുവതി ഇതിന് സമ്മതിച്ചില്ല. ഇതോടെ കയ്യാങ്കളിയാവുകയും പിന്നീട് യുവതിയെ സംഘം കൊലപ്പെടുത്തിയ ശേഷം കുഞ്ഞിനെ കൈക്കലാക്കുകയുമായിരുന്നു.
പൊലീസെത്തി ഗൊഗോയ് ദമ്പതികളെ അറസ്റ്റ് ചെയ്യുമ്പോഴേക്കും ഇവരുടെ മകൻ കുട്ടിയുമായി ട്രെയിനിൽ യാത്ര തുടങ്ങി കഴിഞ്ഞിരുന്നു. എന്നാൽ, ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രണാലിയെ തെങ്കാപുകുരിയിൽ നിന്നും ഭർത്താവ് ബസന്ത ഗൊഗോയിയെ സിമലുഗുരി റെയിൽവേ ജങ്ഷനിൽ വച്ചുമാണ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കൊല്ലപ്പെട്ട യുവതിയുടെ അമ്മയ്ക്കും സംഭവത്തിൽ പങ്കുണ്ട് എന്ന സംശയത്തെ തുടർന്ന് പിറ്റേദിവസം അവരെയും പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.
إرسال تعليق