കഷായത്തില്‍ വിഷം കൊടുത്ത് മാത്രമല്ല മുന്‍പും പല വട്ടം ഷാരോണ്‍ രാജിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന് പൊലിസിന് മൊഴി നല്‍കി പ്രതി ഗ്രീഷ്മ. ജ്യൂസ് ചലഞ്ചും വധശ്രമത്തിന്റെ ഭാഗമായിരുന്നു. കൊലപാതകത്തിന്റെ ആസൂത്രണം സംബന്ധിച്ച് രേഷ്മ വിശദമായ മൊഴി നല്‍കിയെന്ന് ക്രൈം ബ്രാഞ്ച് അറിയിച്ചു.
പ്രതി ഗ്രീഷ്മയുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുകയാണ്. തമിഴ്‌നാട് രാമവര്‍മ്മന്‍ചിറയിലെ ഗ്രീഷ്മയുടെ വസതിയില്‍ ആയിരിക്കും ആദ്യം തെളിവെടുപ്പ് നടക്കുക. തുടര്‍ന്ന് തമിഴ്‌നാട്ടിലും കേരളത്തിലുമായി തെളിവെടുപ്പ് പൂര്‍ത്തിയാക്കും. തെളിവെടുപ്പിന്റെ ദൃശ്യങ്ങള്‍ പൂര്‍ണ്ണമായും റെക്കോര്‍ഡ് ചെയ്യണമെന്ന് കോടതി നിര്‍ദേശമുണ്ട്. കേസിലെ രണ്ടും മൂന്നും പ്രതികളായ ഗ്രീഷ്മയുടെ അമ്മയും അമ്മാവനും പൊലീസ് കസ്റ്റഡിയിലാണ്.
ഇന്നലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് തകര്‍ത്ത നിലയില്‍ കണ്ടെത്തിയിരുന്നു. പൊലീസ് സീല്‍ ചെയ്ത പൂട്ടാണ് പൊളിച്ചത്. കേസില്‍ ഏറ്റവും പ്രധാനപ്പെട്ട തെളിവെടുപ്പ് നടക്കേണ്ട സ്ഥലമാണ് രാമവര്‍മ്മന്‍ ചിറയിലെ ഗ്രീഷ്മയുടെ വീട്. ഈ വീട്ടില്‍ വച്ചാണ് ഷാരോണിന് കഷായത്തില്‍ കീടനാശിനി കലര്‍ത്തി നല്‍കിയത്. ഗ്രീഷ്മയുമൊത്ത് തെളിവെടുപ്പ് നടത്താനായിരുന്നു അന്വേഷണ സംഘത്തിന്റെ നീക്കം. ഈ സംഭവവുമായി ബന്ധപ്പെട്ട് ഈ വീട്ടിലെ തെളിവെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ കഴിഞ്ഞ ദിവസം കോടതിയില്‍ പറഞ്ഞപ്പോഴാണ് പൊലീസ് നടപടികള്‍ ക്യാമറയില്‍ പകര്‍ത്തണം എന്നുള്ള നിര്‍ദ്ദേശം നെയ്യാറ്റിന്‍കര ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നല്‍കിയത്. ഇതിനു പിന്നാലെയാണ് ഇന്നലെ രാവിലെ ഗ്രീഷ്മയുടെ വീടിന്റെ പൂട്ട് പൊളിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം ഗ്രീഷ്മയുടെ അമ്മയും അമ്മാവനുമൊത്ത് തെളിവെടുപ്പ് നടന്നതിന് ശേഷമാണ് വീട് പൂട്ടി സീല്‍ വെച്ചത്.
إرسال تعليق