മൂന്നാര്‍: ദേവികുളം മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്റെ ഭാര്യയുടെ പേരിലുള്ള വീടൊഴിയണമെന്ന് ആവശ്യപ്പെട്ട് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കി. മൂന്നാര്‍ ഇക്കാനഗറിലെ വീടൊഴിയാന്‍ ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. വീട് പുറമ്പോക്ക് ഭൂമിയിലാണെന്ന് കണ്ടെത്തിയതിന്റെ പശ്ചാത്തലത്തിലാണ് നോട്ടീസ്. രാജേന്ദ്രന്‍ എംഎല്‍എ ആയിരുന്നപ്പോഴും അതിനു ശേഷവും കയ്യേറ്റഭൂമിയിലാണ് താമസിക്കുന്നതെന്ന ആരോപണം മുന്‍പേ തന്നെ ഉയര്‍ന്നിരുന്നു. ഇക്കാനഗറിലെ എട്ടു സെന്റോളം ഭൂമിയാണ് രാജേന്ദ്രന്റെ ഭാര്യയുടെ പേരിലുള്ളത്. ഇത് കൃത്യമായ ലാന്‍ഡ് അസസ്‌മെന്റ് നടപടിക്രമങ്ങള്‍ പ്രകാരമല്ലാതെ ലഭിച്ച പട്ടയമാണെന്നും വ്യാജപട്ടയമാണെന്നും ആരോപണം ഉയരുകയും ചെയ്തിരുന്നു.
എസ് രാജേന്ദ്രന്റെ ഭാര്യയുടെ പേരിലുള്ളത് ഉൾപ്പെടെ അറുപത് പേർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. വീട് സ്ഥിതി ചെയ്യുന്ന വസ്തു റവന്യൂ ഭൂമിയാണന്ന് അധികൃതർ പറയുന്നു. ദേവികുളം സബ് കളക്ടർ രഹുൽ കൃഷ്ണ ശർമ്മയുടെ നിർദ്ദേശകാരമാണ് വില്ലജ് ഓഫീസർ നോട്ടീസ് നൽകിയത്. 7 ദിവസങ്ങൾക്കുള്ളിൽ വീട് ഒഴിഞ്ഞു പോകണമെന്നും അല്ലാത്തപക്ഷം ബലമായി ഒഴിപ്പിക്കുമെന്നും നോട്ടീസില്‍ പറയുന്നു.
രണ്ടാം പിണറായി വിജയന്‍ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ റവന്യൂ വകുപ്പ് വിഷയവുമായി ബന്ധപ്പെട്ട് നടപടികള്‍ ആരംഭിക്കുകയും ചെയ്തിരുന്നു. രാജേന്ദ്രന് രേഖകള്‍ ഹാജരാക്കാന്‍ നോട്ടീസ് നല്‍കുകയും ചെയ്തു. എന്നാല്‍ മതിയായ രേഖകള്‍ ഹാജരാക്കിയില്ലെന്നാണ് റവന്യൂ വകുപ്പിന്റെ വിശദീകരണം.
നേരത്തെ ഇക്കാനഗറില്‍ താമസിക്കുന്ന മറ്റൊരു സ്വകാര്യവ്യക്തി ഹൈക്കോടതിയെ സമീപിക്കുകയും തന്റെ ഭൂമിക്ക് പട്ടയം വേണമെന്നും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ കേസില്‍ ഹാജരാക്കിയ രേഖകള്‍ വ്യാജമാണെന്ന് ഹൈക്കോടതി കണ്ടെത്തി. ഇതിനെ തുടര്‍ന്ന് കെഎസ്ഇബിയുടെ ഭൂമി കൈവശം വെക്കുന്ന ആളുകളെ ഒഴിപ്പിക്കാന്‍ ജില്ലാ കളക്ടര്‍ക്ക് കോടതി നിര്‍ദേശം നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് അറുപതുപേര്‍ക്ക് ഇക്കാനഗറില്‍ നോട്ടീസ് നൽകിയത്.
നേരത്തെ ഭൂമിയുമായി ബന്ധപ്പെട്ട് ആക്ഷേപമുയര്‍ന്നപ്പോള്‍ മുഖ്യമന്ത്രി തന്നെ നിയമസഭയില്‍ രാജേന്ദ്രനെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. പട്ടയഭൂമിയാണെന്ന് പറയുകയും ചെയ്തിരുന്നു. ഇതേ ഭൂമിക്കു മേലാണ് ഇപ്പോള്‍ നടപടി വന്നിരിക്കുന്നത്.
إرسال تعليق