Join News @ Iritty Whats App Group

വണ്ടിചെക്ക് കേസിൽ നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി; ചെക്കിൽ ഒപ്പിട്ട വ്യക്തിക്ക് ബാധ്യത ഒഴിയാനാവില്ല



ദില്ലി: വണ്ടിചെക്ക് കേസിൽ നിര്‍ണ്ണായക നിരീക്ഷണവുമായി സുപ്രീംകോടതി. ചെക്ക് ഒപ്പിട്ട് നൽകുന്ന വ്യക്തിക്ക് ബാധ്യതയിൽ നിന്ന് ഒഴിയാനാകില്ലെന്ന് കോടതി വ്യക്തമാക്കി. കേരളത്തിൽ നിന്നുള്ള വണ്ടിചെക്ക് കേസുമായി ബന്ധപ്പെട്ടാണ് സുപ്രീം കോടതി നീരീക്ഷണം. ചെക്കിൽ ഒപ്പിട്ടിരിക്കുന്ന വ്യക്തിയുടേതാണ് ഒപ്പെന്ന് സ്ഥീരീകരിച്ചാൽ പൂർണ്ണമായ ഉത്തരവാദിത്തം ആ വ്യക്തിക്കാണ്.

സാമ്പത്തിക പരാധീനത ചൂണ്ടിക്കാട്ടി ബാധ്യതയില്‍ നിന്ന് ഒഴിഞ്ഞുമാറാനാകില്ലെന്ന് ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ജെ കെ മഹേശ്വരി എന്നിവർ അടങ്ങിയ ബെഞ്ച് വ്യക്തമാക്കി. തൃശൂർ സ്വദേശികളായ ജെയിൻ പി ജോസ്, സന്തോഷ് എന്നിവർ തമ്മിലുള്ള ഒമ്പത് ലക്ഷം രൂപയുടെ പണമിടപാടാണ് സുപ്രീം കോടതി കയറിയത്. കടം വാങ്ങിയ തുക മടക്കി നൽകുന്നതിന് സന്തോഷ്, ജെയിന് പി തോമസിന് ഒപ്പിട്ട് ചെക്കാണ് നൽകിയത്.

എന്നാൽ ചെക്ക് മടങ്ങിയതോടെ കേസ് നൽകുകയായിരുന്നു. പിന്നീട് കേസ് കേരള ഹൈക്കോടതിക്ക് മുന്നിൽ എത്തി. എന്നാൽ പരാതിക്കാരന് സാമ്പത്തിക ഉറവിടം തെളിയ്ക്കാൻ കഴിയാത്തതിനാൽ ഹൈക്കോടതി ഈ ഹർജി തള്ളുകയായിരുന്നു. ഇതിനെതിരെ നല്‍കിയ അപ്പീലിലാണ് സുപ്രീം കോടതിയുടെ നിരീക്ഷണം. ഒപ്പിട്ട് ചെക്ക് നൽകിയാൽ പണം വാങ്ങിയെന്നതിന് തെളിവായി കാണാമെന്നും മറ്റു ഒരു കാരണങ്ങൾ പറഞ്ഞും ചെക്കിന്റെ ബാധ്യതയിൽ നിന്ന് ചെക്ക് നൽകിയ വ്യക്തിക്ക് ഒഴിഞ്ഞു മാറാനാകില്ലെന്നും കോടതി പറഞ്ഞു.

ഹൈക്കോടതി നടപടി റദ്ദാക്കിയ സുപ്രീം കോടതി കേസ് തുടരാനും നിർദ്ദേശം നൽകി. ജെയിന് പി തോമസിനായി അഭിഭാഷകൻ റോമി ചാക്കോയും സന്തോഷിനായി അഭിഭാഷകൻ ബിജു പി രാമനും സുപ്രീം കോടതിയില്‍ ഹാജരായി. ചെക്കുകേസുകളിൽ പ്രധാനപ്പെട്ടതാണ് സുപ്രീം കോടതിയുടെ ഈ ഉത്തരവ്.

Post a Comment

أحدث أقدم
Join Our Whats App Group