Join News @ Iritty Whats App Group

സിസ തോമസിന് തുടരാം; ഗവര്‍ണറുടെ വാദത്തിന് അംഗീകാരം; കെടിയു കേസില്‍ സര്‍ക്കാരിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി; വന്‍ തിരിച്ചടി


സാങ്കേതിക സര്‍വകലാശാല (കെടിയു) താല്‍ക്കാലിക വൈസ് ചാന്‍സലറായി സിസ തോമസിന് തുടരാമെന്ന് ഹൈക്കോടതി. സര്‍ക്കാരിന്റെ ഹര്‍ജി തള്ളിക്കൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയിന്റ് ഡയറക്ടറായ ഡോ.സിസ തോമസിനു പദവിയില്‍ തുടരാമെന്ന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ വ്യക്തമാക്കി.

ദൗര്‍ഭാഗ്യകരമായ വിവാദമാണ് നടക്കുന്നതെന്നു കോടതി വാക്കാല്‍ പറഞ്ഞു. ഒരിക്കല്‍ കീര്‍ത്തി നഷ്ടപ്പെട്ടാല്‍ വീണ്ടെടുക്കാന്‍ ബുദ്ധിമുട്ടാണെന്നും പറഞ്ഞു. സുപ്രീം കോടതിയുടെയും ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെയും ഉത്തരവുകളുടെയും യുജിസി മാനദണ്ഡങ്ങളുടെയും അടിസ്ഥാനത്തിലാണു വൈസ് ചാന്‍സലറുടെ ചുമതല ഡോ. സിസ തോമസിനു നല്‍കിയതെന്നു ചാന്‍സലറുടെ അഭിഭാഷകന്‍ അഡ്വ. എസ്.ഗോപകുമാരന്‍ നായര്‍ വ്യക്തമാക്കി.ചാന്‍സലറുടെ നിയമവിരുദ്ധമായ നടപടി ചോദ്യംചെയ്യാന്‍ വിലക്കില്ലെന്നു സര്‍ക്കാരിനുവേണ്ടി ഹാജരായ അഡ്വക്കറ്റ് ജനറല്‍ കെ.ഗോപാലകൃഷ്ണകുറുപ്പ് വാദിച്ചിരുന്നു. എന്നാല്‍, ഈ വാദം കോടതി അംഗീകരിച്ചില്ല.
അത്യപൂര്‍വനീക്കത്തിലൂടെയാണ് സര്‍ക്കാരിന്റെ ഹര്‍ജിയെന്ന് കോടതി ചൂണ്ടിക്കാട്ടി.

ഗവര്‍ണര്‍ക്കെതിരെയാണ് ഹര്‍ജിയെങ്കില്‍ നിലനില്‍ക്കില്ലെന്നു സര്‍ക്കാരിനോടു നേരത്തെ ഹൈക്കോടതി പറഞ്ഞിരുന്നു. ചാന്‍സലര്‍ക്കെതിരെ ഹര്‍ജി നല്‍കാമെന്നും കോടതി വ്യക്തമാക്കി. സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലര്‍ നിയമനം ചോദ്യം ചെയ്തു സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോള്‍ ഗവര്‍ണറുടെ നടപടിയെയാണു സര്‍ക്കാര്‍ ചോദ്യം ചെയ്യുന്നത് എന്നു ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു കോടതി ഇക്കാര്യം അറിയിച്ചത്. ചാന്‍സലര്‍ കൂടിയാണ് ഗവര്‍ണറെന്നും അഭിഭാഷകന്‍ കോടതിയില്‍ വ്യക്തമാക്കിയിരുന്നു.

ഇതുപോലെയുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നായിരുന്നു കേസ് പരിഗണിക്കുന്നതിനിടെ കോടതി നിര്‍ദേശിച്ചിരുന്നു. വിദ്യാര്‍ഥികള്‍ക്കാണു പ്രഥമ പരിഗണന. അവരുടെ ഭാവിയില്‍ ആശങ്കയുണ്ടെന്നും കോടതി വ്യക്തമാക്കി. അതേസമയം സദുദ്ദേശ്യത്തോടെയാണ് സിസ തോമസിന്റെ നിയമനം നടത്തിയതെന്നായിരുന്നു ഗവര്‍ണറുടെ വാദം. സീനിയോറിറ്റിയില്‍ നാലാം സ്ഥാനത്തായിരുന്നു സിസ തോമസ്. സാങ്കേതിക സര്‍വകലാശാലയില്‍ യോഗ്യരായവര്‍ ഇല്ലായിരുന്നെന്നും ഗവര്‍ണര്‍ കോടതിയെ അറിയിച്ചു. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റിലേക്ക് ആവശ്യം ഉന്നയിച്ചു രണ്ട് കത്തുകള്‍ വന്നിരുന്നതായും തുടര്‍ന്നാണ് തന്റെ നിയമനം നടന്നതെന്നും സിസ തോമസ് വ്യക്തമാക്കി.

Post a Comment

أحدث أقدم
Join Our Whats App Group