ഇരിട്ടി: ആറളം ഫാം ആദിവാസി പുനരധിവാസ മേഖലയെ കോർത്തിണക്കി കെ എസ് ആർ ടി സി യുടെ ഗ്രാമവണ്ടി സർവീസ് ആരംഭിക്കുന്നതിന്റെ പ്രാരംഭ പ്രവർത്തികൾ ആരംഭിച്ചു. ഇതിന്റെ മുന്നോടിയായി കെ എസ് ആർ ടി സിയുടെ ഉന്നതലസംഘം ചൊവ്വാഴ്ച സ്ഥലത്തെത്തി റൂട്ട് തെയ്യാറാക്കുന്നതിനായി റോഡ് പരിശോധന നടത്തി. കെ എസ് ആർ ടി സി യുടെ ബസ് കടന്നുപോകാൻ പറ്റുന്ന പ്രദേശങ്ങൾ മനസ്സിലാക്കാനും പുനരധിവാസ മേഖലിയിലെ വിവിധ ബ്ലോക്കുകളെ കൂട്ടിയിണക്കി സർവീസ് നടത്തുന്നതിനുമുള്ള പരിശോധനയാണ് നടത്തിയത്.
ഗ്രാമവണ്ടി ആരംഭിക്കുന്നതിന് ജില്ലാ, ഗ്രാമ, ബ്ലോക്ക് പഞ്ചായത്തുകൾ നേരത്തെ കെ എസ് ആർ ടി സിയോട് ആവശ്യപ്പെട്ടിരുന്നു. ഗ്രാമ വണ്ടികൾ വരുന്നതോടെ വിദ്യാർത്ഥികൾ ഉൾപ്പെടെ ഫാം മേഖലയിൽ കഴിയുന്നവരുടെ യാത്ര പ്രതിസന്ധിക്ക് പരിഹാരം കാണാനാകും. ഇതോടെ വിദ്യാർത്ഥികളെ സ്‌കൂളുകളിൽ ഗോത്രസാരഥി പദ്ധതി ഫാമിൽ നിർത്താനും .സാധിക്കും. ജില്ലയിൽ ആദ്യത്തെ ഗ്രാമവണ്ടി പദ്ധതിയാണ് ആറളം ഫാമിൽ നടപ്പിലാക്കുന്നത്. ഇതിനായി ഒരാഴ്ച മുൻപ് ആലോചനയോഗം ചേർന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ചൊവ്വാഴ്ച കെ എസ് ആർ ടി സിയുടെ സംഘം ഫാമിൽ എത്തി റൂട്ട് പരിശോധന നടത്തിയത്. സർവീസ് നടത്താൻ സാധ്യതയുള്ള വഴികൾ പഞ്ചായത്ത് പ്രസിഡന്റ് കെ. പി. രാജേഷ്, സ്‌കൂൾ പ്രധാനധ്യാപകൻ ടി. തിലകൻ എന്നിവരുടെ നേതൃത്വത്തിൽ കെ എസ് ആർ ടി സി അധികൃതർക്കൊപ്പം പരിശോധന നടത്തി.
ഗ്രാമപഞ്ചായത്തുമായി വീണ്ടും ചർച്ച നടത്തി ബസ് കടന്നു പോകുവാൻ പറ്റുന്ന പ്രദേശങ്ങൾ കോർത്തിണക്കി റൂട്ട് മാപ്പ് തയ്യാറാക്കിസർവീസ് ഉടൻ ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത് എന്ന് ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ വി. മനോജ് കുമാർ പറഞ്ഞു.
ഇപ്പോൾ ഗോത്രസാരഥി പദ്ധതി പ്രക്രമാണ് ഫാമിലെ 3500 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന പുനരധിവാസ മേഖലയിലെ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നത്. നിലവിൽ കുട്ടികളെ സ്‌കൂളിൽ എത്തിക്കുന്നതിനും തിരികെ വീടുകളിൽ എത്തിക്കുന്നതിനുമായി ഗോത്ര സാരഥി പദ്ധതിയിൽ 27 സർവീസുകളാണ് നടത്തുന്നത്. 13 ലക്ഷത്തോളം രൂപയാണ് ജീപ്പ് ,ഓട്ടോ, വാൻ, ടൂറിസ്റ്റ് ബസ് എന്നിവ ഒരു മാസത്തേക്ക് സർവ്വീസ് നടത്തുന്നതിന് ഇവിടെ ചിലവിടുന്നത്. ഗ്രാമ പഞ്ചായത്ത് ആദ്യഘട്ടത്തിൽ രണ്ട് ബസ്സുകളാണ് കെ എസ് ആർ ടി സിയോട് ഫാമിൽ സർവീസ് നടത്താൻ ആവശ്യപ്പെട്ടിട്ടുള്ളത്. പദ്ധതി നടപ്പിലാകുന്നതോടെ ഗോത്ര സാരാഥിയുടെ ചിലവ് മുന്നിലൊന്നായി കുറയും. ഇതു സംബന്ധിച്ച ചർച്ചയിൽ കെ എസ് ആർ ടി സി ഗ്രാമവണ്ടി സർവീസ് നടത്തുമ്പോൾ 4000 രൂപയാണ് പ്രതിദിനം ഡീസൽ ചെലവിനായി നൽകേണ്ടത്. ആറളം പുനരധിവാസ മേഖല എന്ന പ്രത്യേകത കണക്കിലെടുത്ത് ടി ആർ ഡി എം ഈ ഫണ്ട് നൽകും. സ്‌കൂൾ സമയത്ത് വിദ്യാർത്ഥികൾ എത്തേണ്ട മേഖലകളിലൂടെ ഷട്ടിൽ സർവീസ് നടത്തുന്ന ബസുകൾ അല്ലാത്ത സമയത്ത് കീഴ്പ്പള്ളി ഇരിട്ടി കണ്ണൂർ പ്രദേശങ്ങളെ കോർത്തിണക്കി പൊതു സർവീസും നടത്തും. വിദ്യാർഥികൾക്ക് സൗജന്യ നിരക്കിലുള്ള കൂപ്പൺ പ്രകാരമുള്ള യാത്ര സൗകര്യമാണ് ലഭിക്കുക. പൊതുജനങ്ങളിൽ നിന്ന് ടിക്കറ്റും ഈടാക്കും. ലാഭകരമായി ഫാമിൽ ഗ്രാമവണ്ടി സർവീസ് നടത്താനാകും എന്നാണ് ജനപ്രതിനിധികൾ കെ എസ് ആർ ടി സിക്ക് ഉറപ്പു നൽകിയത്. ജില്ലയിലെ ആദ്യത്തെ ഗ്രാമവണ്ടി സർവീസ് എന്ന നിലയിൽ വിപുലമായ ഉദ്ഘാടന പരിപാടികൾ ഉൾപ്പെടെയാണ് ആലോചിക്കുന്നത്.
ഫാമിൽ ഗ്രാമവണ്ടി സേവനം ലഭ്യമാകുന്നതോടെ പ്രദേശവാസികളുടെ യാത്രക്ലേശം ഒരു പരിധിവരെ കുറയ്ക്കാൻകഴിയും. സ്‌കൂൾ സമയം ആരംഭിക്കുന്നതിന് മുൻമ്പ് ഫാമിൽ നിന്നും പുറത്തേക്ക് സർവ്വീസ് നടത്താൻ ഗ്രാമവണ്ടിക്ക് കഴിയും വിധം സർവ്വീസ് ക്രമീകരിക്കും . ഇതുമൂലം ഫാമിന് വെളിയിലേക്ക് തൊഴിലിന് പോകുന്നവർക്കും വിദ്യാർത്ഥികൾക്കും യാത്രാ പ്രയാസം കുറയും. സ്ഥിരമായി വാഹന സൗകര്യം ലഭ്യമാകുന്നതോടെ കൂടുതൽ പേർ പുനരധിവാസ മേഖലയിൽ ്സ്ഥിരം താമസക്കരാക്കി മാറ്റാൻ സാധിക്കുമെന്നും ആറളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി രാജേഷ് പറഞ്ഞു.
إرسال تعليق