Join News @ Iritty Whats App Group

രാജസ്ഥാന്‍ കോണ്‍ഗ്രസിലെ തമ്മിലടിയില്‍ നടപടി സൂചന നല്‍കി എഐസിസി, ഗെലോട്ടിനെ മാറ്റുന്നതും പരിഗണനയില്‍



ജയ്പൂര്‍:രാജസ്ഥാന്‍ കോണ്‍ഗ്രസിലെ പൊട്ടിത്തെറിയില്‍ നടപടിയുണ്ടായേക്കുമെന്ന സൂചന നല്‍കി എഐസിസി. നേതാക്കളല്ല പാര്‍ട്ടിയാണ് വലുതെന്നും,സച്ചിന്‍ പൈലറ്റിനെതിരായ അശോക് ഗലോട്ടിന്‍റെ പ്രസ്താവന ഒഴിവാക്കേണ്ടതായിരുന്നുവെന്നും പാര്‍ട്ടി വക്താവ് ജയറാം രമേശ് വ്യക്തമാക്കി. ഭാരത് ജോഡോ യാത്ര രാജസ്ഥാന്‍ പിന്നിട്ടാല്‍ നടപടികളിലേക്ക് കടന്നേക്കുമെന്നാണ് വിവരം. 

സച്ചിന്‍ പൈലറ്റ് വഞ്ചകനാണെന്നും ബിജെപിയില്‍ നിന്ന് സച്ചിനെ അനുകൂലിക്കുന്നവര്‍ പത്ത് കോടി രൂപ കൈപ്പറ്റിയെന്നുമുള്ള അശോക് ഗലോട്ടിന്‍റെ ആരോപണത്തില്‍ കടുത്ത അമര്‍ഷത്തിലാണ് എഐസിസി നേതൃനിരയിലുള്ളവര്‍. ബിജെപിയുടെ പണം പറ്റി ഇപ്പോഴും ചിലര്‍ കോണ്‍ഗ്രസില്‍ തുടരുന്നുവെന്ന ഗലോട്ടിന്‍റെ ആക്ഷേപത്തിന്‍റെ മുന ചെന്നു കൊള്ളുന്നത് പാര്‍ട്ടിക്ക് നേരെ തന്നെയാണ്. ഗലോട്ടിന്‍റെ ആക്ഷേപം ബിജെപി കൂടി ഏറ്റെടുത്തതോടെ രാജസ്ഥാനില്‍ തൊലിപ്പുറത്തുള്ള ചികിത്സ മാത്രം പോരെന്ന നിലപാടിലാണ് നേതൃത്വം.പാര്‍ട്ടിയാണ് വലുതെന്നും മുഖം നോക്കാതെ നടപടിയെടുക്കേണ്ടി വരുമെന്ന് കൂടി എഐ സിസി വക്താവ് ജയറാം രമേശ് ഒരു ഇംഗ്ലിഷ് മാധ്യമത്തോട് പറഞ്ഞത് ഇതിന്‍റെ സൂചനയായി കാണാം.

അവശേഷിക്കുന്ന ഒരു വര്‍ഷം മുഖ്യമന്ത്രി സ്ഥാനം സച്ചിന്‍ പൈലറ്റിന് നല്‍കണമെന്ന താല്‍പര്യം നേതൃനിരയില്‍ ചിലര്‍ക്കുണ്ട്. എന്നാല്‍ ഭൂരിപക്ഷം എംഎല്‍എമാര്‍ ഗലോട്ടിനൊപ്പമാണെന്നതാണ് തീരുമാനം നടപ്പാക്കുന്നതിലെ തടസം. മാറിയ സാഹചര്യത്തില്‍ എംഎല്‍എമാരുടെ മനസറിയാന്‍ ഇടപെടണമെന്ന സച്ചിന്‍ പൈലറ്റിന്‍റെ ആവശ്യം നേതൃത്വം തള്ളിയിട്ടുമില്ല. നാളെ രാജസ്ഥാനിലെത്തുന്ന എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംഎല്‍എമാരോട് സംസാരിക്കും. ഗുര്‍ജര്‍ വിഭാഗം നേതാക്കളെയും കണ്ടേക്കും. ഡിസംബര്‍ ആദ്യവാരം ഭാരത് ജോഡോ യാത്ര രാജസ്ഥാനിലെത്തുമെന്നതിനാല്‍ കരുതലോടെയാണ് നീക്കം.ശശി തരൂര്‍ വിഷയത്തില്‍ കേരളത്തിലെ തമ്മിലടിയിലും നേതൃത്വം ഇടപെടാത്തത് ഭാരത് ജോഡോ യാത്ര കണക്കിലെടുത്താണ്. ഗുജറാത്തില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പോയ പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ ഗലോട്ടുമായി കാണുമെന്ന വിവരമുണ്ടായിരുന്നെങ്കിലും ചര്‍ച്ച നടന്നതായി സൂചനയില്ല. സച്ചിനായി മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് മാറില്ലെന്ന് ഗലോട്ട് ആവര്‍ത്തിക്കുമ്പോള്‍ സാഹസിക ഇടപെടലിന് എഐസിസി മുതിരുമോയെന്നാണ് കണ്ടറിയേണ്ടത്

Post a Comment

أحدث أقدم
Join Our Whats App Group