Join News @ Iritty Whats App Group

ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ നീക്കം; നായനാര്‍ സര്‍ക്കാരിന്‍റെ കാലത്തെ തന്ത്രം വീണ്ടും പ്രയോഗിക്കുന്നു


ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ സര്‍ക്കാര്‍ നീക്കം തുടങ്ങി. ഡിസംബര്‍ അഞ്ചിന് നിയമസഭാ സമ്മേളനം തുടങ്ങി ക്രിസ്മസ് അവധിക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ച ശേഷം ജനുവരിയിലും തുടരാനാണ് ആലോചന. ഇതോടെ പുതുവര്‍ഷത്തില്‍ ആദ്യ നിയമസഭാ സമ്മേളനം ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെ തുടങ്ങുന്നത് ഒഴിവാക്കാനാകും.

ഇന്നലെ ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇതിന്റെ നിയമവശങ്ങള്‍ പരിശോധിക്കാന്‍ തീരുമാനിച്ചു. 1990ല്‍ നായനാര്‍ സര്‍ക്കാരുമായി ഇടഞ്ഞ ഗവര്‍ണര്‍ രാം ദുലാരി സിന്‍ഹയെ ഒഴിവാക്കാന്‍ ഇതേ തന്ത്രം പ്രയോഗിച്ചിരുന്നു. 1989 ഡിസംബര്‍ 17 ന് ആരംഭിച്ച സമ്മേളനം 1990 ജനുവരി രണ്ട് വരെ തുടരുകയായിരുന്നു.

ചാന്‍സലര്‍ പദവിയില്‍നിന്ന് നീക്കിയുള്ള ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ ഒപ്പിടുമെന്ന് സര്‍ക്കാര്‍ കരുതുന്നില്ല. അതിനാല്‍ നിയമസഭ വിളിച്ച് ബില്ല് കൊണ്ടുവരാനുള്ള സാധ്യതയാണ് തേടുന്നത്. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുക്കും.

ഓര്‍ഡിനന്‍സ് ഇനിയും രാജ് ഭവനിലേക്ക് സര്‍ക്കാര്‍ അയച്ചിട്ടില്ല. ബന്ധപ്പെട്ട മന്ത്രിമാര്‍ ഒപ്പിടാന്‍ വൈകുന്നതാണ് കാരണം എന്നാണ് സര്‍ക്കാര്‍ വിശദീകരണം. ബുധനാഴ്ച്ച ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലായിരുന്നു ഓര്‍ഡിനന്‍സ് ഇറക്കാന്‍ തീരുമാനിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group