Join News @ Iritty Whats App Group

അഞ്ചാംപനി കേസുകള്‍ രാജ്യത്ത് കൂടുന്നു, ഒരു മരണം കൂടി സ്ഥിരീകരിച്ചു



അഞ്ചാംപനി അഥവാ മീസില്‍സ് കേസുകള്‍ രാജ്യത്ത് പലയിടങ്ങളിലും കൂടുക തന്നെയാണ്. ഇതിനിടെ മുംബൈയില്‍ ഒരു മരണം കൂടി സ്ഥിരീകരിച്ചു. മുംബൈയിലാണ് നിലവില്‍ ഏറ്റവുമധികം അഞ്ചാംപനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതും. ഈ വര്‍ഷം മാത്രം ഇവിടെ 303 കേസുകളാണ് വന്നിരിക്കുന്നത്. 

രാജ്യത്ത് പലയിടങ്ങളിലായി അഞ്ചാംപനി കേസുകള്‍ വര്‍ധിക്കുന്നത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. കേരളത്തിലാണെങ്കില്‍ മലപ്പുറത്ത് ആണ് ഏറ്റവുമധികം അഞ്ചാംപനി കേസുകള്‍ വന്നിരിക്കുന്നത്. ഇവിടെ 140 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ മലപ്പുറത്തെ സ്ഥിതിഗതികള്‍ വിലയിരുത്താൻ കേന്ദ്രം തീരുമാനിക്കുകയും ചെയ്തു. ഇതിനായി പ്രത്യേകസംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. 

പ്രതിരോധ കുത്തിവയ്പിന്‍റെ കുറവാണ് പൊതുവെ അഞ്ചാംപനി വ്യാപകമാകുന്നതിന്‍റെ കാരണമായി വിലയിരുത്തപ്പെടുന്നത്. മലപ്പുറത്തും സ്ഥിതി വ്യത്യസ്തമല്ല. ആരോഗ്യമന്ത്രി വീണാ ജോര്‍ജും ഇക്കാര്യം എടുത്തുപറഞ്ഞിരുന്നു. വാക്സിനേഷനോട് വിമുഖത അരുതെന്നും കുട്ടികള്‍ക്ക് വാക്സിൻ ഉറപ്പുവരുത്തണമെന്നും മന്ത്രി അറിയിച്ചിരുന്നു. 

മുംബൈയില്‍ കുട്ടിയും മീസില്‍സ് വാക്സിൻ സ്വീകരിച്ചിരുന്നില്ല. ഹൃദയസംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് ചികിത്സയില്‍ കഴിയവെയാണ് ഈ കുട്ടിക്ക് അഞ്ചാംപനി പിടിപെട്ടതത്രേ. വൈകാതെ തന്നെ ആരോഗ്യനില വഷളാവുകയും കുട്ടി മരിക്കുകയും ചെയ്തു. ഇത് കൂടാതെ മറ്റ് മൂന്ന് കുട്ടികളുടെ മരണം കൂടി അഞ്ചാംപനി മൂലമാണെന്ന സംശയവും ഉയരുന്നുണ്ട്. 

അഞ്ചാംപനി അധികവും കുട്ടികളെയാണ് ബാധിക്കുന്നത്. പതിനഞ്ച് വയസ് വരെയുള്ള കുട്ടികളിലാണ് ഏറെയും കാണുന്നത്. പനിയാണ് രോഗത്തിന്‍റെ ആദ്യ ലക്ഷണം. ഇതിന് പുറമെ ചുമ, കണ്ണില്‍ ചുവപ്പുനിറം, ജലദോഷം എന്നിങ്ങനെയുള്ള പ്രശ്നങ്ങളും കാണാം. നാല് ദിവസത്തിനകം ദേഹമാസകലം ചുവന്ന നിറത്തില്‍ ചെറിയ പൊടുപ്പുകള്‍ ഉയര്‍ന്നുകാണും. ഇതോടെ പനി അല്‍പം താഴുമെങ്കിലും വയറിളക്കം, ഛര്‍ദ്ദി, ശക്തമായ വയറുവേദന എന്നീ പ്രശ്നങ്ങളും രോഗി നേരിടാം. 

രോഗിയുടെ ശരീരസ്രവങ്ങളില്‍ നിന്നോ ചുമയ്ക്കുമ്പോഴോ തുമ്മുമ്പോഴോ പുറത്തേക്ക് പോകുന്ന സ്രവകണങ്ങളിലൂടെയോ മറ്റൊരാളിലേക്ക് രോഗപ്പകര്‍ച്ചയുണ്ടാകാമെന്നതിനാല്‍ തന്നെ രോഗിയെ മറ്റുള്ളവരില്‍ നിന്ന് മാറ്റി പരിപാലിക്കുന്നത് ഉചിതമായിരിക്കും. 

മാസ്ക് ഉപയോഗിക്കുന്നതും, വ്യക്തിശുചിത്വം പാലിക്കുന്നതും, പ്രതിരോധ കുത്തിവയ്പ് ഉറപ്പാക്കുന്നതും മുഖേന അഞ്ചാംപനിയെ ചെറുത്തുനില്‍ക്കാം. കാരണം, കുട്ടികളില്‍ ഇതൊരുപക്ഷെ ജീവനെടുക്കും വിധത്തിലേക്ക് വരെ സങ്കീര്‍ണമായി പോകാം.

Post a Comment

أحدث أقدم
Join Our Whats App Group