മൂന്നാര്‍: ഓർഡർ ചെയ്ത ഫ്രൈഡ് റൈസ് വൈകിയെന്നാരോപിച്ച് ഹോട്ടൽ ഉടമയെയും കുടുംബത്തെയും വെട്ടി പരിക്കേല്‍പ്പിച്ചു. ഉടമ പ്രശാന്ത്(54), ഭാര്യ വിനിത (44), മകൻ സാഗർ (27) എന്നിവര്‍ക്ക് നേരെയാണ് ആക്രമണമുണ്ടായത്. സംഭവത്തില്‍ പ്രതികളായ അഞ്ച് പേരില്‍ നാലുപേരെ മൂന്നാര്‍ പോലീസ് അറസ്റ്റ് ചെയ്തു. മൂന്നാർ രാജീവ് കോളനി സ്വദേശി മണികണ്ഠൻ (33), ന്യൂ കോളനി സ്വദേശികളായ സുന്ദരമൂർത്തി (31), തോമസ് (31), ചിന്നപ്പരാജ് (34) എന്നിവരെയാണ് ഞായറാഴ്ച പോലീസ് അറസ്റ്റുചെയ്തത്. അഞ്ചാം പ്രതി ജോൺ പീറ്റർ (23) കോതമംഗലം ആശുപത്രിയിൽ ചികിത്സയിലാണ്.
മൂന്നാർ ടൗണിലുള്ള സാഗർ ഹോട്ടലില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. അഞ്ചംഗസംഘം ഹോട്ടലിലെത്തി ഫ്രൈഡ് റൈസ് ആവശ്യപ്പെടുകയായിരുന്നു.
ഭക്ഷണം കിട്ടാന്‍ താമസിച്ചു എന്ന കാരണത്താൽ ഹോട്ടൽ ജീവനക്കാരുമായി വഴക്ക് ഉണ്ടാകുകയും സംഘാംഗങ്ങൾ ഓട്ടോറിക്ഷയിൽ കരുതിയിരുന്ന വാക്കത്തിയെടുത്ത് ഹോട്ടൽ ഉടമ പ്രശാന്ത്, ഭാര്യ വിനിത , മകൻ സാഗർ എന്നിവരെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
പരിക്കേറ്റ ഇവരെ മൂന്നാര്‍ ടാറ്റാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാർ ഇൻസ്പെക്ടർ മനേഷ് കെ.പൗലോസ്, എസ്.ഐ.മാരായ പി.ഡി.മണിയൻ, ഷാഹുൽ ഹമീദ്, എ.എസ്.ഐ. ചന്ദ്രൻ, രമേശ് ആർ., നിസാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. ഇവരെ ദേവികുളം കോടതിയിൽ ഹാജരാക്കി.
സെപ്റ്റംബര്‍ പതിനഞ്ചിന് രാമക്കല്‍മേടിലെ റിസോര്‍ട്ടിലും സമാനമായ സംഭവം ഉണ്ടായിരുന്നു.ഫ്രൈഡ് റൈസില്‍ ചിക്കന്‍ കുറഞ്ഞു പോയെന്ന് ആരോപിച്ചായിരുന്നു സംഘർഷം. സംഭവത്തിൽ ജീവനക്കാരന്റെ കൈപിടിച്ച് തിരിക്കുവാനും മർദിക്കുവാനും ശ്രമം ഉണ്ടായെന്നും ജീവനക്കാരനെ ആസഭ്യം പറഞ്ഞതായും പരാതിയുണ്ട്മദ്യപിച്ചെത്തിയ അഞ്ചംഗ സംഘം മേശയും പ്ലേറ്റുകളും ഉള്‍പ്പെടെ അടിച്ചു പൊട്ടിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു.
إرسال تعليق