തിരുവനന്തപുരം : ഗവർണർക്കെതിരായ രാജ്ഭവൻ മാർച്ച് ശക്തമായ ജനകീയ മുന്നേറ്റമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.
ഇനി ചാൻസലറായി ഗവർണറെ അംഗീകരിക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദൻ പറഞ്ഞു. നിയമസഭ പാസാക്കിയ ബില്ല് പോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവർണർ. ഒപ്പിടാതെ വെക്കാനുള്ള അവകാശം ഭരണഘടനാപരമായി ഗവർണർക്കില്ല. ഫലപ്രദമായി നടത്തേണ്ട പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുകയാണ് ഗവർണർ. ആർഎസ്എസും ബിജെപിയും ഉത്തരേന്ത്യയിൽ ചെയ്തുകൊണ്ടിരിക്കുന്ന കാവിവൽക്കരണത്തിലേക്ക് ഉന്നത വിദ്യാഭ്യാസ മേഖലയെ എത്തിക്കുകയാണ് ഗവർണറുടെ ലക്ഷ്യം.
ഇതിനെതിരെ കേരളത്തിലെ ജനങ്ങൾ ഒറ്റക്കെട്ടായി സമരത്തിലേക്കും പ്രക്ഷോഭത്തിലേക്കും എത്തുകയാണ്. ഗവർണർ എടുക്കുന്ന നിലപാടുകളോട് ശരിയായ തീരുമാനമാണ് ഇടതുമുന്നണി എടുക്കുന്നതെന്ന് ജനങ്ങൾ തിരിച്ചറിയുകയാണ്. കേരളത്തിൽ നിയമം ഉള്ളതുകൊണ്ടാണ് വൈസ് ചാൻസലർ നിയമനം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ ചാൻസലർ എന്ന നിലയിൽ ഗവർണർക്ക് ഇടപെടാനാകുന്നത്. ഓർഡിനൻസിൽ ഒപ്പിട്ടില്ലെങ്കിൽ ബില്ല് കൊണ്ടുവരുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു. ഇത് ജനാധിത്യ സമൂഹമാണ്. ഗവർണർ വിചാരിച്ചാൽ ഒരു നാടിനെ സ്തംഭിപ്പിക്കാനാവില്ലെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.
إرسال تعليق