ഇരിട്ടി: പടിയൂർ ഗവ. ഹയർസെക്കണ്ടറി സ്ക്കൂളിനായി പുതുതായി നിർമ്മിച്ച രണ്ട് കെട്ടിടങ്ങളുടെ ഉദ്‌ഘാടനം തിങ്കളാഴ്ച്ച മന്ത്രി വി. ശിവൻകുട്ടി ഉദ്‌ഘാടനം ചെയ്യുമെന്ന് അധികൃതർ പത്രസമ്മേളനത്തിൽ അറിയിച്ചു. ഉച്ചക്ക് 12 മണിക്ക് നടക്കുന്ന ചടങ്ങിൽ മട്ടന്നൂർ എം എൽ എ കെ.കെ. ശൈലജ ടീച്ചർ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ മുഖ്യാതിഥിയാകും.
പ്ലാൻ ഫണ്ടിൽ നിന്നും ലഭിച്ച ഒന്നരക്കോടി രൂപഉപയോഗിച്ച് നിർമ്മിച്ച കെട്ടിടത്തിൽ 200 പേർക്ക് ഇരിക്കാവുന്ന കോൺഫ്രൻസ് ഹോൾ, 2 ഹൈസ്‌കൂൾ ലാബ് മുറികൾ, ശുചിമുറികൾ, ഭിന്നശേഷിക്കാർക്കായി റാമ്പ് എന്നിവയാണ് ഒരുക്കിയിരിക്കുന്നത്. കിഫ്ബിയിൽ നിന്നും ലഭിച്ച ഒരു കോടിരൂപ ഉപയോഗിച്ച് നിർമ്മിച്ച രണ്ടാമത്തെ കെട്ടിടത്തിൽ പ്ലസ്‌ടുവിനാവശ്യമായ ഫിസിക്സ്, കെമിസ്ട്രി, ബയോളജി കംപ്യുട്ടർ ലാബുകൾക്കു പുറമെ ലൈബ്രറിക്കാവശ്യമായ മുറിയും ശുചി മുറികളുമാണ് ഒരുക്കിയിട്ടുള്ളത്. ഇതുകൂടാതെ പ്ലാൻ ഫണ്ടിൽ നിന്നും ഒരുകോടി രൂപ വകയിരുത്തിയ പ്ലസ്‌ടു കോംപ്ലക്‌സിന്റെ നിർമ്മാണത്തിനുള്ള ടെണ്ടർ നടപടികൾ പൂർത്തിയായതായും ഗ്രാമ പഞ്ചായത്തിന്റെയും, എം എൽ എ , സ്പോർട്സ് കൗൺസിൽ എന്നിവരുടെ സഹകരണത്തോടെ ഒരു കോടി ചിലവിൽ സ്റ്റേഡിയം നിർമ്മിക്കാനുള്ള പ്രവർത്തി ഉടൻ ആരംഭിക്കുമെന്നും പി ടി എ പ്രസിഡന്റ് വി.വി. രാജീവ്, പ്രിൻസിപ്പാൾ ടി.എം. രാജേന്ദ്രൻ, എ.കെ. നിർമ്മല എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു.
إرسال تعليق