Join News @ Iritty Whats App Group

കായികമായി നേരിട്ടാല്‍ തിരിച്ചടിക്കും: കെ സുധാകരന്‍



നിയമനക്കത്ത് വിവാദത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരായ കോണ്‍ഗ്രസ് പ്രതിഷേധങ്ങള്‍ കായികമായി നേരിടാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തന്നെ തിരിച്ചടിക്കുമെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍.

മേയറുടെ വഴി തടഞ്ഞ കെ എസ് യു പ്രവര്‍ത്തകരെ ഡി വൈ എഫ് ഐ, സി പി എം ക്രിമിനലുകള്‍ ക്രൂരമായി കണ്‍മുന്നിലിട്ട് തല്ലിചതച്ചിട്ടും പൊലീസ് നിഷ്‌ക്രിയമായി നോക്കിനിന്നെന്നും കെ എസ് യു പ്രവര്‍ത്തകരെ കയ്യാമം വെച്ച പൊലീസ് അക്രമികളായ സി പി എം പ്രവര്‍ത്തകരെ വെറുതെ വിടുകയും ചെയ്‌തെന്നും സുധാകരന്‍ ആരോപിച്ചു. സി പി എമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് പൊലീസ് കരുതണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സുധാകരന്റെ വാക്കുകള്‍

യുവാക്കളുടെ ആത്മാഭിമാനത്തിന് വിലപറഞ്ഞ തിരുവനന്തപുരം മേയര്‍ക്കെതിരായ കോണ്‍ഗ്രസിന്റെ ജനകീയ പ്രതിഷേധത്തെ കായികമായി നേരിടാനാണ് സി പി എമ്മിന്റെ തീരുമാനമെങ്കില്‍ അതേ നാണയത്തില്‍ തിരിച്ചടിക്കും. സംസ്ഥാന സര്‍ക്കാരും സി പി എമ്മും തുടര്‍ച്ചയായി വഞ്ചിച്ച സംസ്ഥാനത്തെ യുവാക്കളുടെ പ്രതിഷേധമാണ് കെ എസ് യു പ്രവര്‍ത്തകര്‍ രേഖപ്പെടുത്തിയത്.

സി പി എമ്മിന്റെ വാറോല അനുസരിച്ചാണ് മേയര്‍ക്കെതിരെ പ്രതിഷേധിക്കുന്ന കെ എസ് യു, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. അതേസമയം മേയര്‍ക്കെതിരായ ഗുരുതര ആരോപണം അന്വേഷിച്ച് കേസ് രജിസ്റ്റര്‍ ചെയ്യാനോ, പ്രിന്‍സിപ്പാളിനെതിരെ കൊലവിളി നടത്തുന്ന എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെയോ സംരംഭകരുടെ മേല്‍ കുതിരകേറുന്ന ഇടതു തൊഴിലാളി സംഘടനയുടെ നേതാക്കള്‍ക്കെതിരെയോ നടപടി സ്വീകരിക്കാന്‍ നട്ടെല്ലില്ലാത്ത പൊലീസ് സി പി എമ്മിന്റെ ക്വട്ടേഷന്‍ ഏറ്റെടുത്ത് കോണ്‍ഗ്രസിനെ വിരട്ടാമെന്ന് കരുതണ്ട.

Post a Comment

أحدث أقدم
Join Our Whats App Group