Join News @ Iritty Whats App Group

ക്ലാസ് മുറിയില്‍ മുസ്ലിം വിദ്യാര്‍ത്ഥിയെ ഭീകരവാദിയെന്ന് വിളിച്ചു; അധ്യാപകന് സസ്‌പെന്‍ഷന്‍



ക്ലാസ് മുറിയില്‍വച്ച് മുസ്‌ലിം വിദ്യാര്‍ഥിയെ തീവ്രവാദിയെന്നു വിളിച്ച് അധ്യാപകന് സസ്‌പെന്‍ഷന്‍. കര്‍ണാടകയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ എന്‍ജിനിയറിംഗ് അസിസ്റ്റന്റ് പ്രൊഫസര്‍ രവീന്ദ്രനാഥ റാവുവിനെതിരെയാണ് നടപടിയെടുത്തത്. സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും വിദ്യാര്‍ത്ഥിക്ക് കൗണ്‍സിലിംഗ് നല്‍കിയതായും ഇന്‍സ്റ്റിറ്റ്യൂട്ട് അറിയിച്ചു.

വെള്ളിയാഴ്ച ഉഡുപ്പിയിലെ മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ ക്ലാസ് മുറിയില്‍ വച്ചായിരുന്നു സംഭവം. വിദ്യാര്‍ഥിയുടെ പേരെന്താണെന്നു പ്രഫസര്‍ ചോദിച്ചു. മുസ്ലിം നാമം കേട്ടപ്പോള്‍ ”ഓ, നിങ്ങള്‍ കസബിനെപ്പോലെയാണ് അല്ലേ”യെന്ന് അധ്യാപകന്‍ ചോദിച്ചതാണു വിവാദമായത്.

ഉടന്‍ തന്നെ വിദ്യാര്‍ഥി രോഷത്തോടെ പ്രതികരിക്കുകയും ചെയ്തു. ’26/11 തമാശയായിരുന്നില്ല. ഈ നാട്ടില്‍ ഒരു മുസ്ലീം ആയത് കൊണ്ട് എല്ലാ ദിവസവും ഇതൊക്കെ നേരിടേണ്ടി വരുന്നത് തമാശയല്ല സാര്‍. നിങ്ങള്‍ക്ക് ഒരിക്കലും എന്റെ മതത്തെ കളിയാക്കാനാകില്ല അതും ഇത്ര മോശമായ രീതിയില്‍’ എന്ന് വിദ്യാര്‍ഥി മറുപടി നല്‍കി.

തുടര്‍ന്ന്, ‘നീ എന്റെ മകനെപ്പോലെ ആണെന്നു’ പറഞ്ഞ് അധ്യാപകന്‍ ക്ഷമചോദിക്കുന്നത് വീഡിയോയിലുണ്ട്. എന്നാല്‍ സ്വന്തം കുട്ടിയുടെ മുഖത്ത് നോക്കി നിങ്ങള്‍ തീവ്രവാദി എന്ന് വിളിക്കുമോ എന്നായിരുന്നു വിദ്യാര്‍ത്ഥിയുടെ മറുപടി.

ഇതിന്റെ വീഡിയോ മറ്റൊരു വിദ്യാര്‍ഥി ഫോണില്‍ പകര്‍ത്തി. ദൃശ്യം പ്രചരിച്ചതോടെ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതേ തുടര്‍ന്നാണ് അധ്യാപകന് എതിരെ നടപടി സ്വീകരിച്ചത്.

Post a Comment

أحدث أقدم
Join Our Whats App Group