Join News @ Iritty Whats App Group

തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി ഉൾപ്പെടെയുള്ള നാലംഗ സംഘം പിടിയിലായത് ഇരിട്ടിയിൽ നിന്ന്


ഇരിട്ടി: തലശ്ശേരി ഇരട്ടക്കൊലപാതക കേസിലെ പ്രധാന പ്രതി ഉൾപ്പെടെയുള്ള നാലംഗ സംഘം ഇരിട്ടിയിൽ പിടിയിൽ. മാക്കൂട്ടം റോഡ് വഴി കാറിൽ എത്തിയ സംഘത്തെ കൂട്ടുപുഴ പോലീസ് എയ്ഡ് പോസ്റ്റിൽ കൈകാണിച്ച് നിർത്താതെ പോവുകയായിരുന്നു. സ്റ്റേഷനിൽ വിവരം അറിയിച്ചതിനെത്തുടർന്ന് ഇവർ സഞ്ചരിച്ച വാഹനം ഇരിട്ടി പോലീസ് സ്റ്റേഷന് മുന്നിൽ പോലീസ് ബാരിക്കേഡ് വച്ച് തടഞ്ഞാണ് ഇവരെ പിടികൂടിയത്. പ്രധാന പ്രതി പാറായിബാബു, സുജിത്ത്, സഹായികളായ അരുൺകുമാർ, സന്ദീപ് എന്നിവരാണ് പിടിയിലായത്. 
ലഹരി മാഫിയ സംഘത്തെ ചോദ്യം ചെയ്തതുമായി ബന്ധപ്പെട്ട് തലശ്ശേരിയിൽ രണ്ട് സിപിഎം പ്രവർത്തകരെ കഴിഞ്ഞ ദിവസം കുത്തിക്കൊന്നിരുന്നു. തലശ്ശേരി നെട്ടൂർ ഇല്ലിക്കുന്ന് ത്രിവർണ ഹൗസിൽ ഖാലിദ് (52), സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ച് അംഗവുമായ ത്രിവർണ ഹൗസിൽ പൂവനയിൽ ഷമീർ (40) എന്നിവരാണ് കുത്തേറ്റ് മരിച്ചത്. ഇരുവരെയും തലശ്ശേരി സഹകരണ ആശുപത്രിയിൽ നിന്നും വലിച്ചിറക്കി ആക്രമിക്കുകയായിരുന്നു. 
പാറായി ബാബുവാണ് ഇരുവരെയും കുത്തിയത് എന്ന് പറയുന്നു. സുജിത്തും സംഭവസമയത്ത് ഇവിടെയുണ്ടായിരുന്നു. കൃത്യത്തിന് ശേഷം ഇരുവരും സഹായികളായ അരുൺകുമാർ, സന്ദീപ് എന്നിവർക്കൊപ്പം കാറിൽ കർണാടകയിലേക്ക് കടക്കുകയായിരുന്നു. തലശ്ശേരി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സഞ്ചരിച്ച വാഹനത്തിന്റെ നമ്പർ തിരിച്ചറിയുകയും അതിർത്തി കടക്കുവാനുള്ള സാധ്യത കണക്കിലെടുത്ത് ഇരിട്ടി പോലീസിനെ വിവരം അറിയിക്കുകയും ചെയ്തു. അതിൻറെ അടിസ്ഥാനത്തിൽ കർണാടക അതിർത്തി ചെക്ക്പോസ്റ്റിലെ നിരീക്ഷണ ക്യാമറ പരിശോധിക്കുകയും ഇവർ സഞ്ചരിച്ച വാഹനം കർണാടകയിലേക്ക് പ്രവേശിച്ചതായി കണ്ടെത്തുകയും ചെയ്തിരുന്നു. 
ഇതിൻറെ അടിസ്ഥാനത്തിൽ വ്യാഴാഴ്ച രാവിലെ അതിർത്തിയിൽ പോലീസ് പരിശോധന ശക്തമാക്കിയിരുന്നു. അതിർത്തിയിൽ ചുമതലയുള്ള ലഹരിവിരുദ്ധ സ്ക്വാഡിന് പ്രതികൾ സഞ്ചരിച്ച വാഹനത്തിൻറെ നമ്പർ കൈമാറിയിരുന്നു. പ്രതികൾ കർണാടകത്തിലേക്ക് രക്ഷപ്പെട്ടതിന്റെ അടിസ്ഥാനത്തിൽ കതിരൂർ പോലീസും മേഖലയിൽ പരിശോധന നടത്തിയിരുന്നു. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 1. 30 ഓടെ ഈ സംഘം തിരിച്ച് കേരളത്തിലേക്ക് വരുന്നതിനിടയിൽ കൂട്ടുപുഴയിൽ പോലീസിന്റെ വാഹന പരിശോധനക്കായി കൈകാട്ടി നിർത്താതെ ഇരിട്ടി ഭാഗത്തേക്ക് ഓടിച്ചു പോയി. വാഹനം തിരിച്ചറിഞ്ഞ പോലീസ് ഉടൻതന്നെ ഇരിട്ടി പോലീസിൽ വിവരമറിയിച്ചു . ഇരിട്ടി ഡിവൈഎസ്പി സജേഷ് വാഴവളപ്പിൽ, സിഐ കെ. ജെ. ബിനോയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പോലീസ് സ്റ്റേഷനു മുന്നിൽ ബാരിക്കേഡ് തീർത്ത് പ്രതികൾ സഞ്ചരിച്ച വാഹനങ്ങൾ തടയുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. തുടർന്ന് കൂത്തുപറമ്പ് എസിപി പ്രദീപൻ കണ്ണിപ്പൊയിൽ, കതിരൂർ സി ഐ കെ. വി. മഹേഷ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടിയിൽ എത്തി ഇവരെ തലശ്ശേരിയിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇരട്ടക്കൊലക്ക് ശേഷം കർണാടകത്തിലേക്ക് രക്ഷപ്പെട്ട പ്രതികൾ കർണാടകത്തിലും പരിശോധന ശക്തമാണെന്ന് അറിഞ്ഞതോടെയാണ് വീണ്ടും തിരിച്ച് കേരളത്തിലേക്ക് വന്നത് എന്നാണ് അറിയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group