സകല നിയമങ്ങളും തെറ്റിച്ചു കൊണ്ട് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ യാത്ര. കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട കെഎസ്ആർടിസി ബസാണ് കാടും പടലുമായി ഹരിത ശോഭയിൽ അലങ്കരിച്ചത്.
ദിലീപ് സിനിമയായ പറക്കും തളികയിലെ താമരാക്ഷൻ പിള്ള എന്ന പേരിലുള്ള ബസിനെ അനുകരിച്ച് അതേ രീതിയിൽ ഇലകൊണ്ടും വലിയ മരക്കൊമ്പുകൾ കൊണ്ടും തെങ്ങിൻറെ ഓലകൊണ്ടുമെല്ലാം അലങ്കരിച്ച രീതിയിലാണ് ബസ്.
സിനിമയിലെ ബസിന്റെ പേരായ 'താമരാക്ഷൻ പിള്ള' എന്ന പേരും കെഎസ്ആർടിസിയെന്ന പേര് മായ്ച്ച് വലിയ അക്ഷരത്തിൽ പതിപ്പിച്ചിട്ടുണ്ട്. അർജൻറീനയുടെയും ബ്രസീലിന്റെയും ആരാധകർ കോടികൾ വീശി ആഘോഷ തിമിർപ്പിലാണ് യാത്ര.
കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിക്ക് കല്യാണ ഓട്ടം പോകുന്ന ബസിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നിയമ ലംഘനം നടത്തുന്ന ടൂറിസ്റ്റ് ബസുകൾക്കെതിരെ നടപടി സ്വീകരിക്കുമ്പോഴാണ് സർക്കാരിൻറെ ഇത്തരത്തിലുള്ള ഒരു വാഹനം എല്ലാ നിയമങ്ങളും ലംഘിച്ചുകൊണ്ട് ഓടുന്നത്.
നിലവിൽ ഞായറാഴ്ച ദിവസങ്ങളിൽ കല്യാണ ഓട്ടങ്ങൾക്ക് കെഎസ്ആർടിസി ബസുകൾ വാടകയ്ക്ക് നൽകാറുണ്ട്. എന്നാൽ 30 ദിവസം മുൻപ് ബസ് ബുക്ക് ചെയ്തത് സംബന്ധിച്ച് നോട്ടീസ് നൽകണമെന്നാണ് വ്യവസ്ഥ. ബസ് വാടകയ്ക്ക് എടുത്താൽ യാതൊരുവിധത്തിലുള്ള അലങ്കാരങ്ങളോ തോരണങ്ങളോ പാടില്ലെന്നും ഇതുസംബന്ധിച്ച മാർഗനിർദേശത്തിൽ പറയുന്നുണ്ട്. എന്നാൽ ഇതെല്ലാം കാറ്റിൽ പറത്തിയാണ് കെഎസ്ആർടിസി ബസിന്‍റെ കല്യാണ യാത്ര.
إرسال تعليق