കൊച്ചി: ആത്മഹത്യാക്കുറിപ്പ് എഴുതിവച്ച ശേഷം വീട്ടിൽ നിന്നും കാണാതായ യുവതിയുടെ മൃതദേഹം മുട്ടാർ പുഴയിൽ കണ്ടെത്തിയ കേസിൽ മുട്ടാർ സ്വദേശിയായ കാമുകനെ പാലാരിവട്ടം പോലീസ് ഇന്നും ചോദ്യം ചെയ്യും.
ഇയാളെ ഇന്നലെ വൈകുന്നേരം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഈ യുവാവുമായി ആത്മഹത്യ ചെയ്ത അനൂജ പ്രണയത്തിലായിരുന്നെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് യുവാവിനെ കസ്റ്റഡിയിലെടുത്തതെന്ന് പാലാരിവട്ടം പോലീസ് ഇൻസ്പെക്ടർ ജോസഫ് സാജൻ പറഞ്ഞു.
ഒക്ടോബർ 24ന് ആണ് കേസിന് ആസ്പദമായ സംഭവം നടന്നത്. അനുജ പ്രണയത്തിലായിരുന്നെന്ന് പറയുന്ന യുവാവിന്റെ വിവാഹ സൽക്കാരം ഒക്ടോബർ 23ന് ഇടപ്പള്ളിയിൽ നടന്നിരുന്നു.
ഇവിടെ അനൂജ എത്തിയതായും വാക്കുതർക്കം ഉണ്ടായതായും പോലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇവിടെനിന്നും വീട്ടിലേക്ക് മടങ്ങിയെത്തിയ അനൂജ പുലർച്ചയോടെ സ്കൂട്ടറിൽ വീടുവിട്ടിറങ്ങുകയായിരുന്നു. പിന്നീട് 24ന് വൈകിട്ടോടെ ഏലൂർ ഫെറിക്കുസമീപം അനൂജയുടെ മൃതദേഹം കണ്ടെത്തി.
മുറിയിൽ രക്തത്തുള്ളികളും ആത്മഹത്യാക്കുറിപ്പും കണ്ടത്തിയതോടെ വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിൽ അനൂജയുടെ സ്കൂട്ടർ മുട്ടാർ പുഴയ്ക്ക് സമീപം കണ്ടെത്തി.
സ്കൂട്ടറിലും പാലത്തിന്റെ കൈവരിയിലും രക്തക്കറ കണ്ടതോടെ പുഴയിൽ വീണതായി സംശയമുയർന്നു. ഫയർഫോഴ്സിന്റെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് പാലത്തിൽ നിന്ന് രണ്ടര കിലോമീറ്റർ അകലെ ഏലൂർ ഫെറി ഭാഗത്ത് മൃതദേഹം കണ്ടെത്തിയത്.
إرسال تعليق