ഇരിട്ടി: കണ്ണൂർ ഡിവിഷൻ എ സി എഫ് എം. രാജീവൻ പെരുമ്പറമ്പിലെ ഇരിട്ടി ഇക്കോ പാർക്ക് സന്ദർശിച്ചു. ഇക്കോ പാർക്കിൽ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ഇരിട്ടി ടൗണിൽ നിന്നും മൂന്നു കിലോമീറ്റർ ദൂരത്തിൽ പഴശ്ശിജലാശയത്തോട് അതിരിട്ടുകിടക്കുന്ന പ്രകൃതി സുന്ദരമായ സ്ഥലത്താണ് ഇക്കോ പാർക്ക് സ്ഥിതിചെയ്യുന്നത്. ഇവിടെ കൂടുതൽ ടൂറിസ്റ്റുകളെ എത്തിക്കുന്നവിധം സൗകര്യങ്ങൾ ഏർപ്പെടുത്താനാണ് സോഷ്യൽ ഫോറെസ്ട്രിയും, പഞ്ചായത്തും, തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി പുതുതായി ചാർജെടുത്തതിനു ശേഷം കണ്ണൂർ അസിസ്റ്റൻറ് കൺസർവേറ്റർ ഓഫ് ഫോറസ്റ്റർ എം. രാജീവൻ ഉൾപ്പെടെയുള്ള സംഘം ഇക്കോ പാർക്ക് സന്ദർശിക്കുകയായിരുന്നു.
നേരത്തെ കാടുകയറി നശിച്ച ഈ പാർക്ക് നവീകരിക്കുകയും പായം പഞ്ചായത്തിന്റെയും ജനകീയ കമ്മിറ്റിയുടെയും മേൽനോട്ടത്തിൽ പാർക്കിൽ വിപുലമായ സൗകര്യങ്ങൾ ഒരുക്കി വരികയുമാണ്. കഴിഞ്ഞ ഏപ്രിൽ 23 നാണ് നവീകരിച്ച പാർക്ക് മന്ത്രി എ.കെ. ശശീന്ദ്രൻ പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തത്. തുടർന്ന് കാലവർഷം ആരംഭിച്ചതോടെ സ്വഞ്ചാരികൾ എത്തുന്നതിൽ കുറവുണ്ടായി. ഇവിടെ സഞ്ചാരികൾക്ക് താമസിക്കുവാനുള്ള ടെൻ്റുകൾ ഉൾപ്പെടെ ഒരുക്കുവാനും തൊട്ടപ്പുറമുള്ള ഇരിട്ടി നഗരസഭയുടെ സഞ്ജീവനി പാർക്കിലേക്ക് തൂക്കുപാലം ഉൾപ്പെടെ നിർമ്മിക്കാനുള്ള പദ്ധതികൾ കൊണ്ടുവരുവാനും ആലോചിക്കുന്നുണ്ട്. കുട്ടികൾക്ക് മിനി പാർക്ക് ഉൾപ്പെടെയുള്ള സൗകര്യങ്ങളും ഒരുക്കും. പായം പഞ്ചായത്ത് പ്രസിഡണ്ട് പി രജനി, തലശ്ശേരി സോഷ്യൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ പി. സുരേഷ് ,ഫോറസ്റ്റർ മാരായ ബിനു കായലോട്, പി. കെ. സുദീപ്, ടി. പ്രസന്ന തുടങ്ങിയവരും അജയൻ പായം, സുശീൽ ബാബു എന്നിവരും ഇദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു.
إرسال تعليق