Join News @ Iritty Whats App Group

പായത്ത് ടൂറിസം മേഖലയുടെ സംരംഭക സാധ്യതകൾ തേടി സെമിനാര്‍


ഇരിട്ടി: ടൂറിസം മേഖലയുടെ സംരംഭക സാധ്യതകൾ തേടി പായത്ത്  സെമിനാര്‍ നടത്തി.   നമ്മുടെ സ്വന്തം വീടുകളിലെ മുറികള്‍ വിനോദസഞ്ചാരികള്‍ക്ക് തുറന്നുകൊടുത്ത് ഹോം സ്റ്റേ സംരംഭകരായി മാറാം. താമസമുള്ള ഏത് വീടുകളിലും ഹോം സ്റ്റേ ആരംഭിക്കാം. ഒരു മുറി മുതല്‍ 6 മുറി വരെ ഏതൊരു വീട്ടിലും ഹോം സ്റ്റേക്കായി മാറ്റി വയ്ക്കാം. മുറിക്ക് 120 ചതുരശ്ര അടി കുറഞ്ഞത് വലുപ്പം വേണമെന്നതും 40 ചതുരശ്ര അടിയുള്ള ശുചിമുറി വേണമെന്നതും വൃത്തിയും ശുചിത്വവും ഉറപ്പാക്കണമെന്നതും മാത്രമാണ് നിബന്ധന. 
പായം പഞ്ചായത്തില്‍ സംഘടിപ്പിച്ച ടൂറിസം ശില്പശാലയിലാണ് സാധാരണക്കാര്‍ക്കും തങ്ങളുടെ വീടുകള്‍ ഹോം സ്റ്റേ ആക്കി സാമ്പത്തിക വരുമാനം ഉണ്ടാക്കാമെന്നുള്ള അറിവ് പകര്‍ന്നത്. ഉള്‍നാടന്‍ പ്രദേശങ്ങളിലെ ടൂറിസം സൈറ്റുകള്‍ സഞ്ചാരികള്‍ക്ക് പ്രിയമാണ്. എന്നാല്‍ താമസ സൗകര്യങ്ങളുടെ അഭാവം മൂലം ഇത്തരം പ്രദേശങ്ങള്‍ക്ക് വികസനം ഉണ്ടാകുന്നില്ല. ഇതിന് പരിഹാരമായി ഡസ്റ്റിനേഷന്‍ ചലഞ്ച് എന്ന പേരില്‍ ടൂറിസം വകുപ്പ് നടത്തുന്ന പ്രചരണങ്ങളുടെ സാധ്യത ഉപയോഗപ്പെടുത്തിയാണ് പായം പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ടൂറിസം ശില്പശാല സംഘടിപ്പിച്ചത്. 
ഹോം സ്റ്റേ താമസമുള്ള വീടുകള്‍ക്ക് മാത്രമാണ് അനുവദിക്കുന്നത്. താമസമില്ലാത്ത വീടുകള്‍ക്ക് സര്‍വ്വീസ് വില്ല എന്ന പേരിലും 50 വര്‍ഷം പഴക്കമുള്ള വീടുകള്‍ക്ക് ഗൃഹസ്ഥല (ഹെറിറ്റേജ്) വിഭാഗത്തില്‍ പെടുത്തിയും ടൂറിസം താമസ കേന്ദ്രങ്ങളാക്കാം. ഹോം സ്റ്റേ ഒഴികെയുള്ളവയ്ക്ക് കൂടുതല്‍ നിബന്ധനകള്‍ പാലിക്കേണ്ടതുണ്ട്. ഹോം സ്റ്റേ സംരംഭകരാകാന്‍ താല്പര്യമുള്ളവര്‍ക്ക് ഉള്‍പ്പെടെ സംശയങ്ങള്‍ ദുരീകരിക്കാന്‍ ടൂറിസം അധികൃതരെ ബന്ധപ്പെടാവുന്നതാണ്. അനുമതി ഉള്‍പ്പെടെയുള്ള കാര്യങ്ങളുടെ മാര്‍ഗ്ഗരേഖ വെബ്‌സൈറ്റില്‍ ലഭ്യമാണ്. 
പായം പഞ്ചായത്ത് പ്രസിഡന്റ് പി.രജനി സെമിനാർ   ഉദ്ഘാടനം ചെയ്തു.   വൈസ് പ്രസിഡന്റ് എം.വിനോദ്കുമാര്‍ അധ്യക്ഷത വഹിച്ചു. ടൂറിസം ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ പി.കെ.സൂരജ് സെമിനാര്‍ നയിച്ചു. ആറളം പഞ്ചായത്ത് പ്രസിഡന്റ് കെ.പി. രാജേഷ്, പായം പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ വി.പ്രമീള, മുജീബ് കുഞ്ഞിക്കണ്ടി, പി.എന്‍. ജെസി, ഡിടിപിസി മാനേജര്‍ കെ.സജീവന്‍, പായം പഞ്ചായത്ത് സെക്രട്ടറി പി.കെ.വിനോദ് എന്നിവര്‍ പ്രസംഗിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group