Join News @ Iritty Whats App Group

ഇനി ഗർഭിണിയാണോ എന്നു ഉമിനീരിലൂടെ അറിയാം! ലോകത്തിലെ ആദ്യത്തെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗർഭ പരിശോധന കിറ്റ് അവതരിപ്പിച്ച് ഇസ്രായേൽ

ലോകത്തിലെ ആദ്യത്തെ ഉമിനീർ അടിസ്ഥാനമാക്കിയുള്ള ഗർഭ പരിശോധന കിറ്റ് അവതരിപ്പിച്ച് ഇസ്രായേൽ. Salignostics എന്ന ഇസ്രായേൽ കമ്പനിയാണ് ഇതിന് പിന്നിൽ. 2023 ഓടെ ഇസ്രായേൽ, യൂറോപ്പ്, ദക്ഷിണാഫ്രിക്ക, യുഎഇ എന്നീ രാജ്യങ്ങളിലെ വിപണികളിൽ സാലിസ്റ്റിക് എന്ന ടെസ്റ്റ് കിറ്റുകൾ എത്തുമെന്ന് വ്യാഴാഴ്ച ടൈംസ് ഓഫ് ഇസ്രായേൽ റിപ്പോർട്ട് ചെയ്തു. സാലിസ്റ്റിക് പരിശോധനയ്ക്ക് രക്തമോ മൂത്രമോ ആവശ്യമില്ല. കൂടാതെ 10 മിനിറ്റിനുള്ളിൽ കൃത്യമായ ഫലങ്ങൾ നൽകുന്നു.

2016-ൽ സ്ഥാപിതമായ ബയോടെക് കമ്പനിക്ക് സാലിസ്റ്റിക് ടെസ്റ്റ് കിറ്റുകൾക്ക് യൂറോപ്യൻ സിഇ സർട്ടിഫിക്കേഷൻ ലഭിച്ചു. 2023-ന്റെ ആദ്യ പാദത്തിൽ കിറ്റുകൾ വിതരണം ചെയ്യുന്നതിനുള്ള വിപുലമായ ചർച്ചാ ഘട്ടത്തിലാണെന്ന് കമ്പനി അവകാശപ്പെടുന്നു. FDA അംഗീകാരം കൂടി കിട്ടാനുണ്ടെന്ന് കമ്പനി അധികൃതർ പറഞ്ഞു.

'കൊവിഡ് 19 ടെസ്റ്റിംഗ് കിറ്റുകൾ നിർമ്മിക്കാൻ ഉപയോഗിക്കുന്ന സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയാണ് കമ്പനി ഗർഭ പരിശോധന വികസിപ്പിച്ചെടുത്തത്...'- സാലിംഗ്‌നോസ്റ്റിക്‌സിന്റെ സഹസ്ഥാപകനും ഡെപ്യൂട്ടി സിഇഒയുമായ ഡോ. ഗൈ ക്രൈഫ് പറഞ്ഞു.

പരമ്പരാഗത ഗർഭ പരിശോധനകളെ അപേക്ഷിച്ച് ഉമിനീർ പരിശോധന ലളിതവും കുഴപ്പമില്ലാത്തതുമാണ്. ആളുകൾ കിറ്റിന്റെ ഒരു വശം വായിൽ തിരുകുകയും ഉമിനീർ ശേഖരിക്കാൻ കുറച്ച് നിമിഷങ്ങൾ കാത്തിരിക്കുകയും വേണം. പരിശോധന ഫലം 10 മിനിറ്റിനുള്ളിൽ നൽകുമെന്ന് ഡോ. ഗൈ ക്രൈഫ് പറഞ്ഞു.


കിറ്റ് ഗർഭധാരണം നേരത്തെ കണ്ടെത്തുന്നതിന്റെ ഉയർന്ന കൃത്യത നൽകുന്നുവെന്ന് കമ്പനി അവരുടെ വെബ്‌സൈറ്റിൽ അവകാശപ്പെടുന്നു. ആർത്തവം നഷ്ടപ്പെട്ട ആദ്യ ദിവസം തന്നെ പരിശോധന നടത്താവുന്നതാണ്. ഉമിനീരിലെ ഗർഭ ഹോർമോണായ β-hCG കണ്ടുപിടിക്കുന്ന വിപ്ലവ സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് പറയപ്പെടുന്നു. പരിശോധനയ്ക്ക് ശേഷം രണ്ട് വരകൾ പ്രത്യക്ഷപ്പെടുന്നത് ഗർഭധാരണത്തെ സൂചിപ്പിക്കുന്നുവെന്നും  ഡോ. ഗൈ ക്രൈഫ് പറഞ്ഞു.

 

Post a Comment

أحدث أقدم
Join Our Whats App Group