മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ബസുകള്‍ക്ക് കേരളത്തില്‍ നികുതി ഈടാക്കാമെന്ന് ഹൈക്കോടതി. നികുതി പിരിക്കുന്നതിനുള്ള കേരള സര്‍ക്കാര്‍ നീക്കം തടയണമെന്ന അന്തര്‍സംസ്ഥാന ബസുടമകളുടെ ആവശ്യം ഹൈക്കോടതി അംഗീകരിച്ചില്ല. കേന്ദ്രനിയമത്തിന്റെ അഭാവത്തില്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമുണ്ടെന്ന് കോടതി വ്യക്തമാക്കി.
കേരളത്തിലേക്ക് വരുന്ന അന്തര്‍ സംസ്ഥാന ബസുകള്‍ നികുതിയടക്കണമെന്ന് മോട്ടോര്‍ വാഹന വകുപ്പ് ഉത്തരവിട്ടിരുന്നു. കേരളത്തില്‍ രജിസ്റ്റര്‍ ചെയ്യേണ്ട വാഹനങ്ങള്‍ 2021ലെ ഓള്‍ ഇന്ത്യ പെര്‍മിറ്റ് ആന്‍ഡ് ഓതറൈസേഷന്‍ ചട്ടങ്ങള്‍ പ്രകാരം നാഗാലാന്‍ഡ്, ഒഡിഷ, അരുണാചല്‍ പ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വീസ് നടത്തുന്നത് ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണു മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടി.
മറ്റ് സംസ്ഥാനങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം കേരളത്തില്‍ സര്‍വ്വീസ് നടത്തുന്ന ടൂറിസ്റ്റ് വാഹനങ്ങള്‍ക്ക് നവംബര്‍ ഒന്നിനകം കേരളത്തിലേക്ക് രജിസ്‌ട്രേഷന്‍ മാറ്റിയില്ലെങ്കില്‍ കേരള മോട്ടര്‍ വാഹന ടാക്‌സേഷന്‍ നിയമ പ്രകാരം നികുതി ഈടാക്കുമെന്നായിരുന്നു ഉത്തരവ്. ഇത് ചോദ്യം ചെയ്താണ് കേരളത്തിന് പുറത്ത് രജിസ്റ്റര്‍ ചെയ്ത അന്തര്‍ സംസ്ഥാന ബസുടമകള്‍ കോടതിയെ സമീപിച്ചത്.
അന്തര്‍ സംസ്ഥാന യാത്രകള്‍ സുഗമമാക്കുന്നതിന് കേന്ദ്രം ആവിഷ്‌കരിച്ച ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റ് സംവിധാനം അട്ടിമറിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം അംഗീകരിക്കാന്‍ കഴിയില്ലെന്ന നിലപാടിലായിരുന്നു ബസ് ഉടമകള്‍.
إرسال تعليق