പത്തനംതിട്ട: ശബരിമല യാത്രയ്ക്ക് ഓട്ടോറിക്ഷയും ചരക്കുവാഹനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു. ഹെൽമെറ്റില്ലാതെ എത്തുന്ന ബൈക്ക്-സ്കൂട്ടർ യാത്രികരിൽനിന്ന് പിഴ ഈടാക്കും.
തിരുവനന്തപുരം ജില്ലയുടെ തെക്കൻ പ്രദേശങ്ങളിൽനിന്ന് കൂടുതൽ പേർ ഓട്ടോറിക്ഷകളിൽ ശബരിമലയിൽ എത്താറുണ്ട്. പ്രധാനമായും ആറ്റിങ്ങൽ, ചിറയിൻകീഴ്, നെടുമങ്ങാട്, വെഞ്ഞാറമ്മൂട് എന്നിവിടങ്ങളിൽനിന്നാണ് ഇത്തരത്തിൽ ഓട്ടോറക്ഷകളിൽ ശബരിമലയിലേക്ക് തീർഥാടകർ എത്തുന്നത്. എന്നാൽ ഓട്ടോറിക്ഷകൾക്ക് ജില്ലയ്ക്കകത്തും ജില്ലാ അതിർത്തിയിൽനിന്ന് 20 കിലോമീറ്ററുമാണ് പെർമിറ്റുള്ളതെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കുന്നു.
ടെമ്പോ, ലോറി തുടങ്ങിയ ചരക്ക് വാഹനങ്ങൾ കെട്ടി അലങ്കരിച്ചും തീർഥാടകർ ശബരിമല യാത്രയ്ക്ക് എത്താറുണ്ട്. ഇത്തരത്തിലുള്ള ശബരിമല യാത്രയും ഇത്തവണ തടയുമെന്ന് മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കുന്നു. ഇങ്ങനെ വരുന്നവരെ തടഞ്ഞ് പകരം യാത്രാസൗകര്യം മോട്ടോർവാഹന വകുപ്പ് ഏർപ്പെടുത്തിക്കൊടുക്കും.
ശബരിമലയ്ക്ക് 400 കിലോമീറ്റർ ചുറ്റളവിൽ സേഫ് സോൺ പദ്ധതി പ്രകാരം 24 മണിക്കൂറും പ്രവർത്തിക്കുന്ന 20 സ്‌ക്വാഡുകളെ രംഗത്തിറക്കും. ബ്രേക്ക് ഡൗൺ സർവീസ്, അപകട രക്ഷാപ്രവർത്തനം, ഗതാഗതക്കുരുക്ക് അഴിക്കൽ, അപകടമുണ്ടായാൽ ഏഴു മിനിറ്റിനകം സ്ഥലത്തെത്തുന്ന ക്വിക്ക് റെസ്പോൺസ് ടീം, സൗജന്യ ക്രെയിൻ സർവീസ്, സൗജന്യ ആംബുലൻസ് സർവീസ് എന്നിവ സേഫ് സോൺ പദ്ധതിയുടെ ഭാഗമായുണ്ടാകുമെന്നും മോട്ടോർ വാഹനവകുപ്പ് വ്യക്തമാക്കി.
إرسال تعليق