Join News @ Iritty Whats App Group

മം​ഗളൂരു മാർക്കറ്റിൽ ബീഫ് സ്റ്റാൾ പാടില്ലെന്ന് വിഎച്ച്പി, തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് എംഎൽഎ

മംഗളൂരു: മം​ഗളൂരു ന​ഗരത്തിലെ ബീഫ് സ്റ്റാൾ പദ്ധതിക്കെതിരെ വിശ്വ ഹിന്ദു പരിഷത്ത്. നിർദിഷ്ട സെൻട്രൽ മാർക്കറ്റ് കെട്ടിടത്തിൽ ബീഫ് സ്റ്റാളുകൾ സ്ഥാപിക്കാനുള്ള നിർദേശം ഉപേക്ഷിക്കണമെന്ന് വിഎച്ച്പി ജില്ലാ ഘടകം ആവശ്യപ്പെട്ടു. സിറ്റി സൗത്ത് എംഎൽഎ വേദവ്യാസ കാമത്ത്, എംസിസി കമ്മീഷണർ, മംഗളൂരു സ്മാർട്ട് സിറ്റി ലിമിറ്റഡ് എംഡി എന്നിവരോടാണ് വിഎച്ച്പി ആവശ്യമുന്നയിച്ചത്. സെൻട്രൽ മാർക്കറ്റിന്റെ പ്രവൃത്തി സ്മാർട്ട് സിറ്റി പദ്ധതിയിൽ ഉൾപ്പെടുത്തണം. പുതിയ സെൻട്രൽ മാർക്കറ്റ് നിർമ്മാണത്തിൽ ഒമ്പത് ബീഫ് സ്റ്റാളുകൾ സ്ഥാപിക്കാൻ നിർദ്ദേശമുണ്ട്.

അനധികൃത അറവുശാല, ഗോവധം എന്നിവ ജില്ലയിൽ വർഷങ്ങളായി തുടരുകയാണ്. അനധികൃത അറവുശാലകൾ വഴിയാണ് ജില്ലയിൽ ബീഫ് വിൽപന നടക്കുന്നത്. ബീഫ് സ്റ്റാളുകൾ സ്ഥാപിച്ചാൽ അനധികൃത കശാപ്പുശാലകളിൽ കൂടുതൽ കാലികളെ കശാപ്പ് ചെയ്യാൻ സാധ്യതയുണ്ട്. ഇത് കൂടുതൽ പ്രശ്നങ്ങൾക്ക് കാരണമാകും. ബീഫ് സ്റ്റാളുകൾ സ്ഥാപിക്കാനുള്ള നിർദ്ദേശം ഉടൻ പിൻവലിക്കണമെന്നും നിവേദനത്തിൽ വിഎച്ച്പി ജില്ലാ പ്രസിഡന്റ് ഗോപാൽ കുത്താർ, സെക്രട്ടറി ശിവാനന്ദ് മെൻഡൻ എന്നിവർ പറഞ്ഞു. മാർക്കറ്റിൽ ബീഫ് സ്റ്റാളുകൾ സ്ഥാപിക്കാൻ പദ്ധതിയുണ്ടെങ്കിൽ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് മെമ്മോറാണ്ടത്തിന് കാമത്ത് എംഎൽഎ അറിയിച്ചു. പഴയ സെൻട്രൽ മാർക്കറ്റിന് പകരം 114 കോടി രൂപ ചെലവിൽ പുതിയ മാർക്കറ്റ് നിർമിക്കുന്നതിനുള്ള പദ്ധതിയുണ്ടെന്ന് എംഎൽഎ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

പുതിയ സെൻട്രൽ മാർക്കറ്റ് കെട്ടിടത്തിൽ ബീഫ് സ്റ്റാളുകൾ അനുവദിക്കില്ല. സംസ്ഥാനത്തെ ​​ഗോവധ നിരോധന നിയമപ്രകാരം ബീഫ് സ്റ്റാളുകൾ അനുവദിക്കില്ല. പദ്ധതി തയ്യാറാക്കിയപ്പോൾ സംസ്ഥാനത്ത് കശാപ്പ് നിരോധന നിയമമുണ്ടായിരുന്നില്ലെന്നും എംഎൽഎ പറഞ്ഞു. അതേസമയം, പുതിയ മാർക്കറ്റിന് തറക്കല്ലിട്ടിട്ടില്ലെന്ന് മംഗളൂരു മേയർ ജയാനന്ദ് അഞ്ചൻ പറഞ്ഞു. പഴയ കെട്ടിടത്തിൽ പ്രവർത്തിച്ചിരുന്ന ഇറച്ചിക്കടകളുടെ അടിസ്ഥാനത്തിലാണ് സ്റ്റാളുകൾക്കായി പ്ലാൻ തയ്യാറാക്കിയതെന്നും അദ്ദേഹം പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group