Join News @ Iritty Whats App Group

ആറ് വയസുകാരനെ മര്‍ദിച്ച സംഭവം; ‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതും,അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്,പ്രതിക്കെതിരെ വധശ്രമത്തിന് കേസ്



കാറില്‍ ചാരിനിന്നതിന് ആറ് വയസുകാരനെ ചിവിട്ടി തെറിപ്പിച്ച സംഭവത്തെ അപലപിച്ച് മന്ത്രി വീണാ ജോര്‍ജ്. സംഭവം അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്. കുട്ടിക്കും കുടുംബത്തിനുമൊപ്പം സര്‍ക്കാര്‍ നില്‍ക്കുമെന്നും മന്ത്രി പറഞ്ഞു.

‘ക്രൂരവും മനസാക്ഷിയെ ഞെട്ടിപ്പിക്കുന്നതുമാണ് തലശേരിയിലെ സംഭവം. കുഞ്ഞിനും കുടുംബത്തിനും നിയമസഹായം ഉള്‍പ്പെടെയുള്ള പിന്തുണ വനിത ശിശുവികസന വകുപ്പ് നല്‍കും. രാജസ്ഥാന്‍ സ്വദേശിയായ കുട്ടിയാണ് അക്രമിക്കപ്പെട്ടത്. കുട്ടിക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. ആവശ്യമായ ചികിത്സ ഉറപ്പാക്കും. ചവിട്ടേറ്റത് എന്തിനാണെന്ന് പോലും മനസിലാക്കാനാകാതെ പകച്ചു നില്‍ക്കുന്ന കുഞ്ഞിനെയാണ് പുറത്ത് വന്ന സിസിടിവി ദൃശ്യങ്ങളില്‍ കാണാന്‍ കഴിയുന്നത്. ഉപജീവനത്തിന് മാര്‍ഗ്ഗം തേടിയെത്തിയതാണ് ആ കുടുംബം. സര്‍ക്കാര്‍ അവര്‍ക്കൊപ്പം നില്‍ക്കും’. മന്ത്രി പ്രതികരിച്ചു.

കുട്ടിയെ മര്‍ദിച്ച പൊന്ന്യം പാലം സ്വദേശി ശിഹ്ഷാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ക്കെതിരെ വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാക്കുറ്റങ്ങള്‍ ചുമത്തിയാണ് തലശേരി പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയുടെ വാഹനവും പിടിച്ചെടുത്തു.

ഇന്നലെ വൈകുന്നേരത്തോടെയായിരുന്നു സംഭവം. രാജസ്ഥാനി കുടുംബത്തിലെ കുട്ടിക്കാണ് മര്‍ദനമേറ്റത്. തെറ്റായ ദിശയില്‍ പാര്‍ക്ക് ചെയ്ത നിലയിലായിരുന്നു കാര്‍. ഇതിനിടയില്‍ കാറില്‍ തൊട്ട ശേഷം കുട്ടി കാറില്‍ ചാരി നിന്നു. ഇതുകണ്ട ശിഹ്ഷാദ് കുട്ടിയെ ചവിട്ടിത്തെറിപ്പിക്കുകയായിരുന്നു. മര്‍ദനത്തില്‍ കുട്ടിയുടെ നടുവിന് പരിക്കേറ്റിട്ടുണ്ട്. കുട്ടിയെ തലശേരി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.


മര്‍ദനം കണ്ട നാട്ടുകാര്‍ ചോദ്യം ചെയ്‌തെങ്കിലും അത് ഗൗനിക്കാതെ ശിഹ്ഷാദ് കാറുമായി പോകുകയായിരുന്നു. തുടര്‍ന്ന് വാഹനം തടഞ്ഞിട്ട നാട്ടുകാര്‍ ദൃശ്യങ്ങള്‍ സഹിതം പൊലീസിനെ സമീപിച്ചു. പൊലീസ് ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി കാര്യങ്ങള്‍ തിരിക്കിയെങ്കിലും ഇന്നലെ കേസെടുക്കാതെ മടക്കി അയച്ചു. ഇന്ന് രാവിലെ ഹാജരാകാനും നിര്‍ദേശിച്ചിരുന്നു. സംഭവം വിവാദമായതോടെ പൊലീസ് രാവിലെ തന്നെ ശിഹ്ഷാദിനെ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ ബാലാവകാശ കമ്മീഷനും കേസെടുത്തു.

Post a Comment

أحدث أقدم
Join Our Whats App Group