Join News @ Iritty Whats App Group

ഗവർണർക്കെതിരെ എൽഡിഎഫ് രാജ്ഭവൻ മാർച്ച്; സംസ്ഥാനത്ത് അസാധാരണ സാഹചര്യമെന്ന് യെച്ചൂരി


തിരുവനന്തപുരം : കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ വൻ ജനാവലിയെ അണിനിരത്തി രാജ്ഭവനിലേക്ക് എൽഡിഎഫ് മാർച്ച്. സിപിഎം ജനറൽ സെക്രട്ടറി സിതാറാം യെച്ചൂരി മാർച്ച് ഉദ്ഘാടനം ചെയ്തു. കേന്ദ്രത്തിനും ആർഎസ്എസിനും ഗവർണർക്കുമെതിരെ രൂക്ഷ വിമർശനങ്ങളുന്നയിച്ച യെച്ചൂരി, ഇത് ഇന്ത്യക്ക് വേണ്ടിയുള്ള വലിയ പോരാട്ടമാണെന്നും വിശദീകരിച്ചു. സംസ്ഥാനത്ത് അസാധാരണ സാഹചര്യമാണുള്ളതെന്നും കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ആയുധമാക്കുകയാണെന്നും യെച്ചൂരി കുറ്റപ്പെടുത്തി.

പ്രതിപക്ഷ കക്ഷികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിലെല്ലാം സമാനമായ സ്ഥിതിയാണുള്ളത്. പ്രതിഷേധം വ്യക്തിപരമല്ലെന്നും നയങ്ങളോടുളള പ്രതിഷേധമാണറിയിക്കുന്നതെന്നും യെച്ചൂരി വിശദീകരിച്ചു. ഉന്നത വിദ്യാഭ്യാസ മേഖലയിൽ കേരളത്തിൽ മാത്രമല്ല പ്രശ്നങ്ങളുള്ളത്. പശ്ചിമ ബംഗാൾ, തമിഴ് നാട്, തെലങ്കാന അടക്കമുള്ള സംസ്ഥാനങ്ങളിലും സമാന പ്രശ്നങ്ങളുണ്ട്. കേരളമടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ബിജെപിയുടെ കേന്ദ്ര സർക്കാർ ഗവർണറെ രാഷ്ട്രീയ ഉപകരണമാക്കുകയാണ്. കേന്ദ്രത്തിനൊപ്പം സംസ്ഥാനങ്ങൾക്കും തുല്യ അധികാരമുണ്ടെന്നിരിക്കെയാണ് ഈ കടന്നുകയറ്റമെന്നും യെച്ചൂരി കുറ്റപ്പെടുത്തി. ഗവർണർ ചാൻസിലറായത് സ്വഭാവികമായല്ല. സംസ്ഥാന നിയമങ്ങൾ പ്രകാരമാണ് ഗവർണർക്ക് ചാൻസിലർ പദവികൂടി ലഭിച്ചത്. സംസ്ഥാന നിയമമാണ് പ്രധാനം. നിർഭാഗ്യവശാൽ ചില കോടതി വിധികൾ സംസ്ഥാന നിയമങ്ങൾക്ക് എതിരെയുണ്ടായി. യുജിസി മാർഗ്ഗ നിർദേശങ്ങളാണ് പ്രധാനമെന്ന് കേന്ദ്രം പറയുന്നത് ജനാധിപത്യ വിരുദ്ധമാണെന്നും യെച്ചൂരി പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group