കൊല്ലം: ജുമാ മസ്ജിദ് ഇമാമിനെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമമെന്ന് പരാതി. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ ചോഴിയക്കോട് ജുമാ മസ്ജിദിലെ ഇമാം സഫീര്‍ സെയിനിയെയാണ് കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത്. ഇമാമിനെ കാറിടിച്ച് കൊല്ലാൻ ശ്രമിക്കുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിങ്കളാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം. വിദേശത്ത് പോകുന്നതിനു മുന്‍പ് പ്രാര്‍ഥിക്കണമെന്നാവശ്യപ്പെട്ട് ഒരു യുവാവ് ഇമാമിനെ വിളിച്ചു. ഇതനുസരിച്ച് യുവാവിനൊപ്പം ഇമാം കാറിൽ കയറി. എന്നാൽ യാത്രാമധ്യേ അപരിചിതരായ നാല് യുവാക്കള്‍ കാറില്‍ കയറി. ഇവരുടെ പെരുമാറ്റത്തിൽ സംശയം തോന്നിയ ഇമാം കാറില്‍ നിന്നിറങ്ങി ഓടുകയായിരുന്നു. പിന്തുടർന്നെത്തിയാണ് ഇമാമിനെ കാറിടിച്ചു വീഴ്ത്തിയത്.
പന്തികേടു തോന്നിയതിനാലാണ് കാറില്‍ നിന്നിറങ്ങിയതെന്ന് ഇമാം മാധ്യമങ്ങളോട് പറഞ്ഞു. 'വിദേശത്ത് പോകുന്നതിന് മുന്നോടിയായുള്ള പ്രാർഥനയ്ക്കായാണ് യുവാവ് എന്നെ സമീപിച്ചത്. കാറില്‍ പോകുമ്പോള്‍ യുവാവിന് ഒരു ഫോണ്‍കോള്‍ വന്നു. അവന്റെ രണ്ടുമൂന്ന് കൂട്ടുകാര്‍ സമീപത്ത് നില്‍പ്പുണ്ട്. അവരെ കൂട്ടി വരാമെന്നു പറഞ്ഞു. ജംഗ്ഷന്റെ മറുവശത്ത് എത്തിയപ്പോള്‍ അവന്റെ നാലു കൂട്ടുകാര്‍ വന്നു. അവരുടെ രൂപങ്ങള്‍ കണ്ടപ്പോള്‍ എനിക്കെന്തോ പന്തികേടു തോന്നി. അവരുടെ കയ്യില്‍ മൊബൈല്‍ ഫോണല്ലാതെ മറ്റൊന്നും ഉണ്ടായിരുന്നില്ല. പക്ഷേ, എന്റെ മനസ്സില്‍ ഒരു ഭയപ്പാടു തോന്നി. ഞാന്‍ വരുന്നില്ലെന്നു പറഞ്ഞ് കാറില്‍നിന്ന് ഇറങ്ങിയോടി. ആദ്യം വന്ന പയ്യന്‍ പ്രാര്‍ഥനയ്ക്ക് വരാന്‍ നിര്‍ബന്ധിച്ച് എന്റെ പിന്നാലെ വന്നു. അതിനുപിന്നാലെ കാർ വേഗത്തിൽ എന്‍റെ അടുത്തേക്ക് വന്നു. ഉടൻ ഈ തിട്ടയിലേക്ക് ചാടിക്കയറി. പിന്നീട് ഒന്നും എനിക്ക് ഓര്‍മയില്ല'- ഇമാം വിവരിച്ചു.
إرسال تعليق