Join News @ Iritty Whats App Group

പിന്നോക്ക വിദ്യാര്‍ത്ഥികളുടെ സ്‌കോളര്‍ഷിപ്പ് നിര്‍ത്തലാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി വെല്ലുവിളി; ശക്തമായ പ്രതിഷേധം ഉയര്‍ത്തുമെന്ന് എസ്എഫ്‌ഐ


രാജ്യത്തെ ഒന്നു മുതല്‍ 10 വരെ ക്ലാസ്സുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിരുന്ന സ്‌കോളര്‍ഷിപ്പ് കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണ മന്ത്രാലയം പുറത്തിറക്കിയ പുതിയമാനദണ്ഡപ്രകാരം നിര്‍ത്തലാക്കിയത് രാജ്യത്തെ വിദ്യാര്‍ത്ഥികളോടുള്ള വെല്ലുവിളിയാണെന്ന് എസ്.എഫ്.ഐ.

രണ്ടരലക്ഷത്തില്‍ താഴെ വരുമാനമുള്ള ഒബിസി, സിബിസി, ഡിഎന്‍ടി വിദ്യാര്‍ത്ഥികള്‍ക്ക് ലഭിച്ചിരുന്ന സ്‌കോളര്‍ഷിപ്പ് ഇനി മുതല്‍ 9, 10 ക്ലാസ്സുകളില്‍ പഠിക്കുന്നവര്‍ക്ക് മാത്രമേ ലഭിക്കുകയുള്ളു. പുതുക്കിയ മാനദണ്ഡപ്രകാരം മികച്ച അക്കാദമിക് നിലവാരത്തിലുള്ള സ്ഥാപനങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമായിരിക്കും പോസ്റ്റ് മെട്രിക് സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാനുള്ള അര്‍ഹത ഉണ്ടാവുക. ഒപ്പം ബിരുദ-ബിരുദാനന്തര-പ്രൊഫഷണല്‍ കോഴ്‌സുകള്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയും ഡിപ്ലോമ കോഴ്‌സുകള്‍ക്കും പുതുക്കിയ മാര്‍ഗനിര്‍ദ്ദേശം ബാധകമാണ്. അതോടൊപ്പം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യങ്ങളില്‍ നിന്നും കേന്ദ്രസര്‍ക്കാര്‍ പിന്‍വാങ്ങിയിരിക്കുകയാണ്.

ഇത്തരം വിദ്യാര്‍ത്ഥിവിരുദ്ധ നിലപാടുകളുമായുള്ള കേന്ദ്ര സര്‍ക്കാരിന്റെ മുന്നോട്ടുപോക്ക് അംഗീകരിക്കാനാവില്ല. വിദ്യാഭ്യാസം മൗലികാവകാശമായ രാജ്യത്ത് ഭരണകൂടത്തിന്റെ ഇത്തരം നിലപാടുകള്‍ ഉയര്‍ത്തുന്ന വെല്ലുവിളി അത്ര ചെറുതല്ല. എന്‍ഇപി ഉള്‍പ്പെടെ രാജ്യത്തിന്റെ വിദ്യാഭ്യാസമേഖലയെ തകര്‍ക്കാനും കാവിവത്കരിക്കാനും വലിയ ശ്രമങ്ങള്‍ നടക്കുന്നതിന്റെ അടുത്ത പടിയായിട്ടു വേണം ഇതിനെ കാണാന്‍. പണമുള്ളവന്റെ മക്കള്‍ മാത്രം പഠിച്ചാല്‍ മതിയെന്ന നിലപാടുമായി ഭരണകൂടം മുന്നോട്ട് പോവുമ്പോള്‍ അത് അംഗീകരിക്കാന്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി സമൂഹത്തിന് ഒരിക്കലും സാധിക്കില്ല. ഇത്തരം നിലപാടിനെതിരെ വിദ്യാര്‍ത്ഥികളെ അണിനിരത്തി ശക്തമായ സമരങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് എസ്.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് കെ അനുശ്രീ അറിയിച്ചു.

Post a Comment

أحدث أقدم
Join Our Whats App Group