Join News @ Iritty Whats App Group

പെൺകുട്ടിയുടെ ബന്ദി നാടകം; അധ്യാപകർക്കെതിരെ നാട്ടുകാർ; അലനല്ലൂർ സ്കൂളിൽ പ്രതിഷേധം


പാലക്കാട്: ഇന്നലെ ഏഴാം ക്ലാസുകാരിയെ കാണാതായ പാലക്കാട് അലനല്ലൂര്‍ ജിവിഎച്ച്എസ്എസില്‍ നാട്ടുകാരുടെ പ്രതിഷേധം. സ്‌കൂള്‍ വിട്ട് വിദ്യാര്‍ത്ഥികള്‍ വീടുകളിലേക്ക് മടങ്ങുന്നതിന് മുന്‍പ് അധ്യാപകര്‍ വീട്ടില്‍ പോകുന്നെന്നാണ് പരാതി. സ്‌കൂള്‍ ജീവനക്കാര്‍ കുട്ടികളുടെ കാര്യത്തില്‍ ശ്രദ്ധ പുലര്‍ത്തുന്നില്ലെന്ന് പരാതിയുണ്ട്. ഇന്നലെ ഏഴാം ക്ലാസുകാരിയെ കൈകള്‍ ബന്ധിച്ച നിലയില്‍ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കണ്ടെത്തിയിരുന്നു. വിദ്യാര്‍ത്ഥിനി തന്നെ സ്വയം ഒളിച്ചിരുന്നതാണെന്ന് പൊലീസിന് മൊഴി നല്‍കിയിരുന്നു.

ഇന്നലെയാണ് സ്കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി ബന്ദി നാടകം നടത്തി വീട്ടുകാരെയും നാട്ടുകാരെയും പൊലീസിനെയും കുഴപ്പിച്ചത്. വൈകുന്നേരം 4.30 മുതല്‍ വിദ്യാര്‍ത്ഥിനിയെ കാണാതായിരുന്നു. നാട്ടുകാരും രക്ഷിതാക്കളും നടത്തിയ തിരച്ചിലിൽ സ്‌കൂളിന്റെ മൂന്നാം നിലയില്‍ കൈകള്‍ കെട്ടിയിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. അപ്പോഴേക്കും സമയം ഒൻപത് മണിയായിരുന്നു.

പിന്നീട് നാട്ടുകൽ എസ്ഐ പെൺകുട്ടിയുടെ വീട്ടിലെത്തി മൊഴിയെടുത്തു. തന്നെ രണ്ട് പേർ ചേർന്ന് മൂന്നാം നിലയിലെത്തിച്ച് കൈകൾ കെട്ടിയിട്ട ശേഷം കടന്നുകളഞ്ഞുവെന്നായിരുന്നു പെൺകുട്ടിയുടെ മൊഴി. കൈയ്യിലുള്ള പൈസ എടുക്കാനാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി ആരോപിച്ചു. എന്നാൽ പെൺകുട്ടിയുടെ ശരീരത്തിൽ മൽപ്പിടുത്തം നടന്നതിന്റെയും ബലം പ്രയോഗിച്ചതിന്റെയും പരിക്കോ പാടുകളോ ഉണ്ടായിരുന്നില്ല.

മൊഴിയിൽ വൈരുദ്ധ്യമുള്ളതായി പൊലീസിന് തുടക്കത്തിലേ സംശയം തോന്നി. പെൺകുട്ടിയുടെ മാതാപിതാക്കളും ഇതേ സംശയം പ്രകടിപ്പിച്ചു. തുടർന്ന് കൂടുതൽ വിശദമായി ചോദിച്ചപ്പോഴാണ് കുട്ടി സത്യാവസ്ഥ പറഞ്ഞത്. രാവിലെ വീട്ടുകാരോട് പിണങ്ങിയാണ് സ്കൂളിലേക്ക് പോയതെന്നും വീട്ടുകാരെ പേടിപ്പിക്കാൻ താൻ തന്നെയാണ് ഇങ്ങനെ ചെയ്തതെന്നും കുട്ടി പറഞ്ഞു. സ്കൂൾ വിട്ട ശേഷം സ്കൂളിന്റെ മൂന്നാം നിലയിലേക്ക് കയറി സ്വയം കൈകൾ കെട്ടിയിടുകയായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group