ഗാസിയാബാദ്: ഭർത്താവിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവത്തിൽ നാല് വർഷത്തിനു ശേഷം ഭാര്യയും കാമുകനും അറസ്റ്റിൽ. ഉത്തർപ്രദേശിലെ ഗാസിയാബാദിലാണ് സംഭവം. അയൽവാസിയുമായി ബന്ധമുണ്ടായിരുന്ന ഭാര്യ ഇയാൾക്കൊപ്പം ചേർന്ന് ഭർത്താവിനെ കൊലപ്പെടുത്തുകയായിരുന്നു. മൃതദേഹം കാമുകന്റെ വീട്ടിൽ കുഴിച്ചിട്ടു.
ഗാസിയാബാദിലെ ശിക്രോദ് എന്ന ഗ്രാമത്തിലെ ചന്ദ്ര വീർ എന്നയാളാണ് കൊല്ലപ്പെട്ടത്. 2018 ലായിരുന്നു കൊലപാതകം നടന്നത് എന്നാണ് പൊലീസ് കണ്ടെത്തൽ. 2018 സെപ്റ്റബർ 28 മുതൽ ചന്ദ്രവീറിനെ കാണാനില്ലായിരുന്നു. ഇതിനെ തുടർന്ന് ബന്ധുക്കൾ നൽകിയ പരാതിയിൽ പൊലീസ് തട്ടിക്കൊണ്ടുപോകൽ കേസും രജിസ്റ്റർ ചെയ്തിരുന്നു.
ചന്ദ്രവീറിനെ കണ്ടെത്താൻ അന്വേഷണം നടത്തിയെങ്കിലും ഫലമില്ലാത്തതിനെ തുടർന്ന് പൊലീസ് കേസ് ക്ലോസ് ചെയ്തു. കേസിൽ പുതിയ വിവരങ്ങൾ ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
ചന്ദ്രവീറിന്റെ ഭാര്യ സവിത അയൽവാസിയായ അരുൺ എന്ന അനിൽ കുമാറുമായി അടുപ്പത്തിലായിരുന്നു. വിവാഹത്തിന് മുമ്പ് ഉണ്ടായിരുന്ന ബന്ധം ചന്ദ്രവീറിനെ വിവാഹം കഴിച്ചതിനു ശേഷവും സവിത തുടർന്നു. അനിൽ കുമാറുമായുള്ള ഭാര്യയുടെ ബന്ധം ചന്ദ്രവീർ കണ്ടെത്തുകയും ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മിൽ നിരന്തരം വഴക്കുമുണ്ടായിരുന്നു.
2018 സെപ്റ്റംബർ 28ന് കൊലപാതകം നടന്ന ദിവസം മദ്യപിച്ചായിരുന്നു ചന്ദ്രവീർ വീട്ടിൽ എത്തിയത്. എത്തിയ ഉടനെ ഉറങ്ങുകയും ചെയ്തു. ഈ സമയത്ത് സവിത അനിൽകുമാറിനെ വീട്ടിലേക്ക് വിളിച്ചുവരുത്തി. അനിൽകുമാർ കയ്യിൽ കരുതിയ നാടൻ തോക്ക് ഉപയോഗിച്ച് ചന്ദ്രവീറിന്റെ തലയിൽ വെടിവെച്ച് കൊല്ലുകയായിരുന്നു. ഇതിനു ശേഷം മൃതദേഹം അനിൽകുമാറിന്റെ വീട്ടിൽ കുഴിച്ചിടുകയായിരുന്നു. ഇവിടെ നിന്നും മൃതദേഹത്തിന്റെ അവശിഷ്ടങ്ങളും പൊലീസ് കണ്ടെത്തി.
إرسال تعليق