Join News @ Iritty Whats App Group

ദളിത് സ്ത്രീ വെള്ളം കുടിച്ചു, കുടിവെള്ള ടാങ്ക് ​ഗോമൂത്രം കൊണ്ട് കഴുകി ഉന്നതജാതിക്കാർ; അന്വേഷണം


മൈസൂരു: ദളിത് വിഭാ​ഗത്തിൽപെട്ട സ്ത്രീ വെള്ളം കുടിച്ചതിനെ തുടർന്ന്, കുടിവെള്ള ടാങ്ക് ​ഗോമൂത്രം ഉപയോ​ഗിച്ച് കഴുകി ഉന്നതജാതിക്കാർ. ചാമരാജ ന​ഗറിലെ ഹെ​ഗോത്തറ ​ഗ്രാമത്തിലാണ് സംഭവം നടന്നത്. സംഭവം സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതിനെ തുടർന്ന് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതർ. 

ശനിയാഴ്ചയാണ് സംഭവം. മറ്റൊരു ​ഗ്രാമത്തിൽ നിന്നും വിവാഹത്തിൽ പങ്കെടുക്കുന്നതിനായി ഹെ​ഗറ്റോറയിലെത്തിയതായിരുന്നു ഈ സ്ത്രീ. കുടിവെള്ള ടാങ്കിനോട് ചേർന്നുള്ള പൈപ്പിൽ നിന്ന് ഇവർ വെള്ളം കുടിച്ചു. ഇത് കണ്ടതിനെ തുടർന്നാണ് ഉന്നത ജാതിയിൽ പെട്ടവർ വാട്ടർടാങ്കിലെ വെള്ളം ഒഴുക്കി കളഞ്ഞ് ടാങ്ക് ​ഗോമൂത്രം കൊണ്ട് ശുദ്ധീകരിച്ചത്. സംഭവം സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതിനെ തുടർന്ന് തഹസിൽദാരും സാമൂഹ്യ ക്ഷേമ വകുപ്പ് ഉദ്യോ​ഗസ്ഥരും സ്ഥലത്തെത്തി അന്വേഷണത്തിന് ഉത്തരവിട്ടു. സംഭവത്തെക്കുറിച്ചുളള റിപ്പോർട്ട് തഹസിൽദാറിന് നൽകും. 

വാട്ടർ ടാങ്ക് പൊതുവായി സ്ഥാപിച്ചിട്ടുള്ളതാണെന്നും അതിൽനിന്ന് ആർക്ക് വേണമെങ്കിലും വെളളം കുടിക്കാമെന്നും അധികൃതർ ​ഗ്രാമവാസികളെ അറിയിച്ചു. വെള്ളം കുടിച്ച സ്ത്രീയെ കണ്ടെത്തി മൊഴി രേഖപ്പെടുത്തി പരാതി തയ്യാറാക്കാൻ ശ്രമിക്കുന്നതായും അധികൃതർ വ്യക്തമാക്കി. വാട്ടർ ടാങ്ക് ശുദ്ധീകരണം നടന്നതായി ദൃക്സാക്ഷികൾ സ്ഥിരീകരിച്ചിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും തഹസീൽദാർ ബസവരാജു പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group