Join News @ Iritty Whats App Group

വിഴിഞ്ഞത്തിൽ സർക്കാരിനെതിരെ ജോസ് കെ മാണി; 'സ്ഥലത്തില്ലാത്ത ബിഷപ്പിനെതിരെ പോലും കേസെടുത്തത് നിർഭാഗ്യകരം'

കോട്ടയം: വിഴിഞ്ഞം സമരം സംസ്ഥാന സർക്കാരിന് വലിയ തലവേദനയായി മാറിയതിനിടയാണ് സർക്കാറിന് എതിരെ രൂക്ഷ വിമർശനവുമായി എൽഡിഎഫിലെ ഘടകകക്ഷിയായ കേരള കോൺഗ്രസ് എം രംഗത്ത് വരുന്നത്. കേരള കോൺഗ്രസ് ചെയർമാൻ ജോസ് കെ മാണി തന്നെയാണ് വിഴിഞ്ഞം സമര വിഷയത്തിൽ സംസ്ഥാന സർക്കാരിനെ കുറ്റപ്പെടുത്തി രംഗത്ത് വന്നത്. വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ നൽകിയ പല ഉറപ്പുകളും പാലിച്ചിട്ടില്ല എന്ന് ജോസ് കെ മാണി കുറ്റപ്പെടുത്തി. പല തീരുമാനങ്ങളും വിഴിഞ്ഞത്ത് നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തീരുമാനിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട സർക്കാർ തീരുമാനിച്ച അഞ്ച് കാര്യങ്ങൾ നടപ്പിലാക്കുന്നതിൽ സംസ്ഥാന സർക്കാരിന് വേഗത ഉണ്ടായിട്ടില്ല എന്നും ജോസ് കെ മാണി കുറ്റപ്പെടുത്തി.

ലത്തീൻ അതിരൂപത മേധാവിക്കെതിരെ കേസ് എടുത്തതിനെയും എൽഡിഎഫിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകകക്ഷി കൂടിയായ കേരള കോൺഗ്രസ് എം കുറ്റപ്പെടുത്തി. സമരവുമായി ബന്ധപ്പെട്ട് സ്ഥലത്തില്ലാതിരുന്ന ആളായ ലത്തീൻ രൂപത മേധാവി ആർച്ച് ബിഷപ്പ് തോമസ് ജെ നെറ്റോക്കെതിരെ കേസെടുത്തത് നിർഭാഗ്യകരമായി പോയി എന്ന് ജോസ് കെ മാണി വിമർശിച്ചു. വിഴിഞ്ഞം ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ കേരള കോൺഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗം കോട്ടയത്ത് ചേർന്ന ശേഷമാണ് മാധ്യമങ്ങളെ കണ്ട ജോസ് കെ മാണി കടുത്ത വിമർശനവുമായി രംഗത്ത് വന്നത്.

ഇത് ആദ്യമായാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടത് സർക്കാരിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. ഇടതുമുന്നണിയിൽ എത്തിയശേഷം പല നിർണായക വിഷയങ്ങളോടും അകന്നു നിൽക്കാനാണ് കേരള കോൺഗ്രസ് ജോസ് കെ മാണി വിഭാഗം തയ്യാറായത്. പല പ്രതികരണങ്ങളും നടത്താൻ ജോസ് കെ മാണി വിഭാഗം തയ്യാറായില്ല. വിവാദ വിഷയങ്ങളിൽ അടക്കം മാധ്യമങ്ങളിൽ നിന്ന് മാറി നടക്കാനാണ് ജോസ് ശ്രമിച്ചത്. എന്നാൽ അതിന് പിന്നാലെയാണ് ക്രൈസ്തവസഭ നിർണായക പങ്കാളിത്തം വഹിക്കുന്ന സമരത്തിൽ സമരക്കാരെ അനുകൂലിച്ചും, സംസ്ഥാന സർക്കാരിനെ തള്ളിപ്പറഞ്ഞും ജോസ് കെ മാണി രംഗത്ത് വരുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group