മംഗളൂരു: മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദബന്ധം സ്ഥിരീകരിച്ചതോടെ അന്വേഷണം ഊർജ്ജിതപ്പെടുത്തി കർണാടക പൊലീസ്. ഓട്ടോറിക്ഷ യാത്രക്കാരൻ താമസിച്ചിരുന്ന മൈസൂരുവിലെ വാടക വീട്ടിൽ പൊലീസ് റെയ്ഡ് നടത്തി. ഇവിടെ നിന്നും കുക്കർ ബോംബും, സ്ഫോടക വസ്തുകളും കണ്ടെത്തി. മംഗളൂരു പൊലീസിന്റെ നേതൃത്വത്തിലായിരുന്നു റെയ്ഡ്.
സ്ഫോടനം നടന്ന ഓട്ടോറിക്ഷയിലുണ്ടായിരുന്ന യാത്രക്കാരൻ മുൻ യുഎപിഎ കേസ് പ്രതിയായിരുന്നുവെന്ന് പൊലീസ് പറയുന്നു. വ്യാജ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ എത്തിയത്. ശിവമോഗ്ഗ സ്വദേശി ഷാരിക് എന്നയാളാണ് സ്ഫോടനത്തിന് പിന്നിൽ. 2020-ൽ ഇയാളെ യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഈ കേസിൽ ഇയാൾ ജാമ്യത്തിലിറങ്ങി. മറ്റൊരാളുടെ ആധാർ കാർഡ് ഉപയോഗിച്ചാണ് ഇയാൾ മൈസൂരുവിൽ വീട് വാടകക്കെടുത്തത്.
മംഗളുരുവിൽ ഓട്ടോറിക്ഷയിലുണ്ടായ സ്ഫോടനത്തിൽ തീവ്രവാദ ബന്ധം വ്യക്തമായെന്ന് കർണാടക പൊലീസ്. വലിയ സ്ഫോടനത്തിനാണ് ലക്ഷ്യമിട്ടതെന്ന് കർണാടക ഡിജിപി വ്യക്തമാക്കി. സ്ഫോടനത്തിന് പിന്നാലെ മംഗളുരുവിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി.
ഇന്നലെ വൈകിട്ട് 5.10ന് ആണ് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയിൽ തീപിടിച്ച് സ്ഫോടനം ഉണ്ടായത്. ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരനും ഗുരുതരമായി പൊള്ളലേറ്റിരുന്നു. വിശദമായ അന്വേഷണത്തിൽ യാത്രക്കാരന്റെ കയ്യിലുണ്ടായിരുന്ന പ്ലാസ്റ്റിക് ബാഗിൽ നിന്നാണ് പൊട്ടിത്തെറിയുണ്ടായെതെന്ന് കണ്ടെത്തി.
പ്രഷർ കുക്കർ സ്ഫോടനമെന്നാണ് പൊലീസ് നിഗമനം. ബോംബ് സ്‌ക്വാഡും ഫോറെൻസിക് വിദഗ്ധരും സ്ഥലത്ത് പരിശോധന നടത്തിയതിനു പിന്നാലെയാണ് സ്ഫോടനത്തിന് പിന്നിലെ തീവ്രവാദ ബന്ധം സ്ഥിരീകരിച്ചത്. കത്തിയ പ്രഷർ കുക്കറും ബാറ്ററികളും ഓട്ടോറിക്ഷയിൽ നിന്ന് കണ്ടെടുത്തു. വലിയ സ്ഫോടനത്തിനാണ് പദ്ധതിയിട്ടതെന്ന് കർണാടക ഡിജിപി പ്രവീൺ സൂദ് വ്യക്തമാക്കി. പിന്നിൽ ഏത് സംഘടനയാണെന്ന് പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. സ്ഫോടനത്തിന് പിന്നാലെ മംഗളുരുവിൽ പൊലീസ് ജാഗ്രതാ നിർദേശം നൽകി.
ഓട്ടോറിക്ഷ ഡ്രൈവറും യാത്രക്കാരനായും ഷാരിഖും ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് പേരും ഇപ്പോൾ സംസാരിക്കാൻ സാധിക്കുന്ന നിലയിലല്ല. അതിനാൽ തന്നെ ഇവരിൽ നിന്നും വിവരങ്ങൾ ശേഖരിക്കാൻ സാധിച്ചിട്ടില്ല. ഷാരികിനെ കുറിച്ച് അന്വേഷിച്ചതിൽ ഇയാളൊരു വ്യാജ ആധാർ കാർഡ് ഉപയോഗിച്ചതായി കണ്ടെത്തി. കഴിഞ്ഞ മാസങ്ങളിൽ തമിഴ്നാട്ടിൽ വിവിധ ഇടങ്ങളിൽ ഇയാൾ സഞ്ചരിച്ചിരുന്നുവെന്നും കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നും ഇയാളൊരു വ്യാജസിം എടുത്തതായും വ്യക്തമായിട്ടുണ്ട്. ഇയാളുടെ കോൾ ലിസ്റ്റ് പരിശോധിച്ച് കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കോയമ്പത്തൂർ സ്ഫോടനക്കേസിലെ പ്രതികളുമായി ഇയാൾക്ക് ബന്ധമുണ്ടായിരുന്നോ എന്ന് ഈ ഘട്ടത്തിൽ പറയാനാവില്ല - മംഗളൂരു പൊലീസ് വ്യക്തമാക്കി.
إرسال تعليق