Join News @ Iritty Whats App Group

'തരൂരിന് കണ്ണൂരിലേക്ക് സ്വാഗതം', തരൂരിനെ വെച്ച് കണ്ണൂരില്‍ പരിപാടി സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്


കണ്ണൂര്‍: ശശി തരൂരിനെ വെച്ച് കണ്ണൂരില്‍ യൂത്ത് കോണ്‍ഗ്രസ് പരിപാടി സംഘടിപ്പിക്കും. വൈസ് പ്രസിഡന്‍റ് റിജില്‍ മാക്കുറ്റിയുടേതാണ് പ്രതികരണം. കോഴിക്കോട്ടെ പരിപാടിയില്‍ പങ്കെടുത്തതിന് നടപടി ഭയക്കുന്നില്ലെന്നും റിജില്‍ മാക്കുറ്റി പറഞ്ഞു. കോഴിക്കോട് താൻ പങ്കെടുക്കുന്ന സെമിനാറില്‍ നിന്ന് യൂത്ത് കോൺഗ്രസ് പിന്മാറിയ സംഭവത്തെക്കുറിച്ച് അന്വേഷണം വേണമെന്ന് ശശി തരൂർ ആവശ്യപ്പെട്ടു. 

അനാവശ്യ വിവാദങ്ങള്‍ സൃഷ്ടിക്കാൻ പാടില്ലായിരുന്നുവെന്നും തരൂർ പറഞ്ഞു. തന്‍റെ സന്ദർശനവുമായി ബന്ധപ്പെട്ട് ഒരു ദിവസം നീണ്ട വിവാദങ്ങൾക്കൊടുവിലാണ് ഈ വിഷയത്തിൽ അന്വേഷണം വേണമെന്ന് ശശി തരൂരിന്‍റെ ആവശ്യം. വിവാദങ്ങള്‍ക്കിടെ വടക്കൻ കേരളത്തിൽ തരൂരിന്‍റെ സന്ദര്‍ശനം തുടരുകയാണ്.   

സംഭവത്തെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ട് സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പരാതി നൽകുമെന്ന് എം കെ രാഘവൻ എംപിയും വ്യക്തമാക്കി. സംഭവം അതീവ ഗൗരവകരം എന്നും ഇക്കാര്യം അന്വേഷിക്കാൻ കെപിസിസി കമ്മീഷനെ നിയോഗിക്കണമെന്നും എം കെ രാഘവന്‍ എംപി ആവശ്യപ്പെട്ടു. അന്വേഷണ കമ്മീഷനെ നിയോഗിച്ചാൽ തെളിവ് നൽകാൻ തയ്യാറാണ്. ബന്ധപ്പെട്ട എല്ലാവരോടും കൂടിയാലോചന നടത്തിയ ശേഷമാണ് താൻ തരൂരിന്‍റെ പരിപാടികൾ നിശ്ചയിച്ചതെന്നും എം കെ രാഘവൻ പറഞ്ഞു.

നെഹ്റു ഫൗണ്ടേഷൻ സംഘടിപ്പിച്ച മതേതരത്വവും സംഘപരിവാറും എന്ന വിഷയത്തിൽ നടന്ന സെമിനാറിലാണ് ഇരുവരും നിലപാട് വ്യക്തമാക്കിയത്. യൂത്ത് കോൺഗ്രസ് പിന്മാറിയ സാഹചര്യത്തിലായിരുന്നു നെഹ്റു ഫൗണ്ടേഷന്‍ പരിപാടി സംഘടിപ്പിച്ചത്. ഇന്ന് രാവിലെ എം ടി വാസുദേവൻ നായരെ സന്ദർശിച്ചാണ് ശശി തരൂർ തന്‍റെ വടക്കൻ കേരളത്തിലെ സന്ദർശന പരിപാടികൾക്ക് തുടക്കമിട്ടത്. നാല് ദിവസങ്ങളിലായി 20 ലേറെ പരിപാടികളിലാണ് തരൂർ പങ്കെടുക്കുന്നത്. ചൊവ്വാഴ്ച പാണക്കാട്ടെത്തി മുസ്ലീം ലീഗ് നേതാക്കളുമായും തരൂർ ചർച്ച നടത്തും.

Post a Comment

أحدث أقدم
Join Our Whats App Group