അഗർത്തല: കുടുംബത്തിലെ നാല് പേരെ ക്രൂരമായി കൊലപ്പെടുത്തി 15 കാരൻ. ത്രിപുരയിലെ ദലയ് ജില്ലയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. മുത്തശ്ശി 70), അമ്മ (32), സഹോദരി (10), അമ്മായി (42) എന്നിവരെയാണ് കൗമാരക്കാരൻ കൊലപ്പെടുത്തിയത്.
ശനിയാഴ്ച്ച അർധരാത്രി എല്ലാവരും ഉറങ്ങിക്കിടക്കുന്ന സമയത്ത് കോടാലി കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു. നാല് പേരെയും കൊലപ്പെടുത്തി വീടിന് പുറകിൽ പണി നടന്നു കൊണ്ടിരിക്കുന്ന സെപ്റ്റിക് ടാങ്കിൽ ഉപേക്ഷിച്ചു.
കൊലപാതക സമയത്ത് കുട്ടിയുടെ പിതാവ് വീട്ടിലുണ്ടായിരുന്നില്ല. ഇദ്ദേഹം തിരിച്ചെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. ബസ് കണ്ടക്ടറാണ് കുട്ടിയുടെ പിതാവ് ഹരദൻ ദേബാനന്ദ്. ഇദ്ദേഹം അർധരാത്രി തിരിച്ചെത്തിയപ്പോൾ വീട് മുഴുവൻ രക്തക്കറ കണ്ട് നടത്തിയ പരിശോധനയിലാണ് സെപ്റ്റിക് ടാങ്കിൽ മൃതദേഹം കണ്ടെത്തിയത്.
തുടർന്ന് അയൽവാസികളേയും പൊലീസിനേയും വിവരം അറിയിക്കുകയായിരുന്നു. കുട്ടി വീട്ടിൽ നേരത്തേ ചെറിയ മോഷണങ്ങൾ നടത്തിയിരുന്നതായി പിതാവ് പൊലീസിനോട് പറഞ്ഞു. കൊലപാതക സമയത്ത് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ ഉച്ചത്തിൽ പാട്ട് വെച്ചിരുന്നതായി അയൽവാസികൾ പോലീസിനോട് പറഞ്ഞു.
ഓൺലൈൻ ഗെയിമിന് അടിമയാണ് കുട്ടിയെന്നാണ് പിതാവും അയൽവാസികളും പൊലീസിന് മൊഴി നൽകിയത്. ഗെയിമിന് പണം കണ്ടെത്താൻ കുട്ടി വീട്ടിൽ നിന്ന് ഇതിനു മുമ്പും മോഷണം നടത്തിയിരുന്നുവെന്നും പൊലീസ് പറയുന്നു.
ഇന്നാണ് കുട്ടിയെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്. കുട്ടിയെ കൂടുതൽ ചോദ്യം ചെയ്തുവരികയാണെന്നും സംഭവത്തിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
إرسال تعليق