കണ്ണൂർ: തലശേരിയിൽ ലഹരി മാഫിയ നടത്തിയ ഇരട്ട കൊലപാതകത്തിൽ മൂന്നുപേർ പൊലീസ് കസ്റ്റഡിയിൽ. തലശ്ശേരി സ്വദേശികളായ ജാക്ക്സൺ, ഫർഹാൻ, നവീൻ എന്നിവരാണ് പൊലീസ് കസ്റ്റഡിയിലുള്ളത്. മറ്റൊരു പ്രതിയായ പാറായി ബാബുവിനായി തെരച്ചിൽ തുടരുന്നു.ബാബുവും ജാക്സണുമാണ് കുത്തിയതെന്ന് ഖാലിദിന്റെ മരണ മൊഴിയിൽ പറഞ്ഞിരുന്നു
ഇന്നലെയാണ് കണ്ണൂർ തലശേരിയിൽ സംഘർഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റ് മരിച്ചത്. തലശേരി നിട്ടൂര്‍ സ്വദേശികളായ ഖാലിദ് (52), ഷമീർ എന്നിവരാണ് കൊല്ലപ്പെട്ടത്. ലഹരി വിൽപ്പന ചോദ്യം ചെയ്തതും ചില സാമ്പത്തിക തർക്കവുമാണ് സംഘർഷത്തിന് പിന്നിലെന്ന് പൊലീസ് പറയുന്നു.
ഇന്നലെ വൈകിട്ട് നാല് മണിയോടെ തലശേരി സിറ്റി സെന്‍ററിനടുത്തുവച്ചാണ് മൂവർക്കും കുത്തേൽക്കുന്നത്. ഇല്ലിക്കുന്ന് ത്രിവർണഹൗസിൽ കെ ഖാലിദ്, ഖാലിദിന്റെ സഹോദരി ഭർത്താവും സിപിഎം നെട്ടൂർ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീർ എന്നിവരാണ് മരിച്ചത്. ഖാലിദ് തലശേരി സഹകരണ ആശുപത്രിയിലും ഷമീർ കോഴിക്കോട് സ്വകാര്യ ആശുപത്രിയിലും വെച്ചാണ് മരിച്ചത്.
ഷമീറിന്റെ സുഹൃത്ത് നെട്ടൂർ സാറാസിൽ ഷാനിബിനും സംഘർഷത്തിനിടെ കുത്തേറ്റു. ഇയാളുടെ പരുക്ക് ഗുരുതരമല്ല എന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. ലഹരി വിൽപ്പന സംഘത്തിൽപ്പെട്ട ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീർ നൽകിയ മൊഴിയിൽ പറയുന്നു. പ്രതികള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ലഹരി വിൽപന ചൊദ്യം ചെയ്‌ത ഷമീറിന്റെ മകനെ ബുധനാഴ്‌ച ഉച്ചക്ക് നെട്ടൂർ ചിറക്കക്കാവിനടുത്ത് വച്ച് ജാക്‌സൺ മർദിച്ചിരുന്നു. ഇവർ തമ്മിൽ വാഹനം വിറ്റ പണം സംബന്ധിച്ച തർക്കവുമുണ്ടായിരുന്നു. മകനെ സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചതറിഞ്ഞ് ഒത്തൂതീർപ്പിന് എന്ന നിലയിലാണ് ജാക്സണും സംഘവും ഖാലിദിനേയും മറ്റും റോഡിലേക്ക് വിളിച്ചിറക്കിയത്. സംസാരത്തിനിടയിൽ കൈയിൽ കരുതിയ കത്തിയെടുത്ത് ജാക്സൺ ഖാലിദിനെ കുത്തി. തടയാൻ ശ്രമിച്ച ഷമീറിനും ഷാനിബിനും കുത്തേറ്റു. ഖാലിദിനും ഷമീറിനും കഴുത്തിനും വയറിലുമാണ് കുത്തേറ്റത്.
إرسال تعليق