തുറമുഖ പദ്ധതിക്ക് എതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ അനിശ്ചിതകാല ഉപരോധസമരം നടക്കുന്ന വിഴിഞ്ഞത്ത് ഞായറാഴ്ച വൈകിട്ട് സമരക്കാർ പൊലീസ് സ്റ്റേഷൻ ആക്രമിച്ച് ഫ്രണ്ട് ഓഫിസ് അടിച്ചു തകർത്തു. സ്ത്രീകൾ ഉൾപ്പടെ രണ്ടായിരത്തോളം വരുന്ന സംഘമാണ് പോലീസ് സ്റ്റേഷൻ വളഞ്ഞത്. എഫ് ഐ ആർ അക്രമികൾ പൊലീസിന്റെ 4 ജീപ്പ്, 2 വാൻ, 20 ബൈക്കുകൾ, സ്റ്റേഷനിലെ ഓഫിസ് മുറികളിലെ ഫർണിച്ചറുകൾ തുടങ്ങിയവ നശിപ്പിച്ചു. വിഴിഞ്ഞം ഇൻസ്പെക്ടർ, അസി.കമ്മിഷണർ എന്നിവർ ഉൾപ്പെടെ 36 പൊലീസുകാർക്ക് പരുക്കേറ്റു. ഇതിൽ കാലിന് പരിക്കേറ്റ എസ് ഐ ലിജോ പി മണിയുടെ കാലിന് ഗുരുതര പരിക്കേറ്റു. ശനിയാഴ്ച അക്രമം നടത്തിയതിന് കസ്റ്റഡിയിലെടുത്ത 5 പേരെ വിട്ടയയ്ക്കണമെന്നാവശ്യപ്പെട്ടാണ് വിഴിഞ്ഞം തുറമുഖ വിരുദ്ധ സമിതി പ്രവർത്തകർ സ്റ്റേഷൻ വളഞ്ഞത്.
സംഘർഷമുണ്ടാക്കുന്നവരെ പിരിച്ചുവിടാൻ പലതവണ കണ്ണീർവാതകം പ്രയോഗിച്ചു. ചിതറിയോടിയ പ്രവർത്തകർ സ്റ്റേഷനു മുന്നിൽ വീണ്ടും തിരികെയെത്തി. പിന്നാലെ ലാത്തിച്ചാർജ് നടത്തി. സിറ്റി പൊലീസ് കമ്മിഷണർ ജി.സ്പർജൻ കുമാർ ഉൾപ്പെടെയുള്ളവർ സ്ഥലത്തെത്തി. അവധിയിലായിരുന്ന പൊലീസുകാരെ തിരികെ വിളിപ്പിച്ചു. കൂടുതൽ ആംബുലൻസുകളെ എത്തിക്കാൻ നിർദേശം നൽകി.
ശനിയാഴ്ച ഹൈക്കോടതി വിധിയെ തുടർന്ന് തുറമുഖ നിർമാണത്തിന് കല്ലുകളുമായെത്തിയ ലോറികൾ പദ്ധതി പ്രദേശത്തേക്കു കയറ്റിവിടാതെ തടഞ്ഞതിനു പിന്നാലെ വിഴിഞ്ഞത്ത് വൻ സംഘർഷം ഉണ്ടായിരുന്നു. മണിക്കൂറുകൾ നീണ്ട സംഘർഷത്തിൽ തുറമുഖ പദ്ധതിയെ എതിർക്കുന്നവരും അനുകൂലിക്കുന്നവരും തമ്മിൽ ഏറ്റുമുട്ടി. 21 പേർക്കാണ് പരുക്കേറ്റത്. ശനിയാഴ്ചത്തെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച പത്തോളം കേസ് പൊലീസ് റജിസ്റ്റർ ചെയ്തിരുന്നു. ഇതിൽ ഒൻപതെണ്ണം തുറമുഖത്തിനെതിരെ സമരം ചെയ്തവരുടെ പേരിലാണ്. ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ഈ കേസിൽ ചിലരെ പൊലീസ് അറസ്റ്റ് ചെയ്തത്. ഇതിൽ ചിലരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരക്കാർ പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയത്.
വിഴിഞ്ഞം പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രവർത്തിക്കുന്ന മദ്യവിൽപ്പനശാലകളുടെ പ്രവർത്തനം നവംബർ 28 മുതൽ ഡിസംബർ നാല് വരെ ഏഴ് ദിവസം നിരോധിച്ചതായി ജില്ലാ കലക്ടർ ജെറോമിക് ജോർജ് അറിയിച്ചു. വിഴിഞ്ഞം രാജ്യാന്തര തുറമുഖ നിർമാണത്തിനെതിരെ തിരുവനന്തപുരം ലത്തീൻ കത്തോലിക്ക അതിരൂപതയുടെ നേതൃത്വത്തിൽ നടന്നുവരുന്ന അനിശ്ചിതകാല ഉപരോധസമരം കണക്കിലെടുത്താണു നടപടിയെന്നും അറിയിപ്പിൽ പറയുന്നു.
إرسال تعليق