ഇരിട്ടി: ഒരു നൂറ്റാണ്ടിനപ്പുറം നീണ്ട ഉളിയിൽ സബ് രജിസ്ട്രോഫീസ് എന്ന വിളിപ്പേർ ഓർമ്മയിലേക്ക് മറയുന്നു. സംസ്ഥാന പിറവി ദിനമായ ചൊവ്വാഴ്ച മുതൽ ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് ഇരിട്ടി സബ് രജിസ്ട്രാർ ഓഫീസ് എന്ന് പുനർ നാമകരണം ചെയ്തു.
കേരളത്തിലെ തന്നെ ഏറെ പഴക്കമുള്ള രജിസ്ട്രാർ ഓഫീസുകളിൽ ഒന്നാണ് ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് . ബ്രിട്ടീഷ് ഭരണകാലത്ത് റോഡോ വാഹനസൗകര്യങ്ങളോ ഇല്ലാതിരുന്ന അവസ്ഥയിൽ 1911 ൽ ബ്രിട്ടീഷുകാരാണ് ഉളിയിൽ ആസ്ഥാനമാക്കി ഉളിയിൽ സബ് രജിസ്ട്രാർ ഓഫീസ് സ്ഥാപിക്കുന്നത്. ഇത് പിന്നീട് ഇരിട്ടിയിൽ നേരംപോക്കിലേയും , കീഴൂരിലേയും വാടകക്കെട്ടിടങ്ങളിൽ ഏറെക്കാലം പ്രവർത്തിച്ചു. 1982 ൽ കീഴൂരിലെ ഒരു വാടകക്കെട്ടിടത്തിൽ പ്രവർത്തിക്കുന്നതിനിടെ ഇരിട്ടി - മട്ടന്നൂർ റോഡരികിലെ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി പ്രവർത്തനമാരംഭിച്ചു. എന്നാൽ ഉളിയിൽ സബ് രജിസ്ട്രാഫീസ് എന്ന പേര് മാറ്റാൻ ഈ സമയത്തൊന്നും ശ്രമമുണ്ടായില്ല.
സ്ഥലവും വില്ലേജും മാറിയിട്ടും രജിസ്റ്റാർ ഓഫീസിന്റെ പേരിൽ മാറ്റം ഉണ്ടായില്ല. ഇരിട്ടി ആസ്ഥാനമായി താലൂക്ക് കൂടി നിലവിൽ വന്നതോടെ രജിസ്റ്റാർ ഓഫീസ് ഇരിട്ടിയായി പുനർനാമകരണം ചെയ്യണമെന്നാവശ്യം വിവിധ കോണുകളിൽ നിന്നും ഉയർന്നു. കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തി 1.32 കോടി മുടക്കി രജിസ്റ്റാർ ഓഫീസിന് പുതിയ ആസ്ഥാന മന്ദിരം ഒരുക്കിയപ്പോഴും പേര് മാറ്റം പ്രധാന ആവശ്യമായി ഉയർന്നു നിന്നു. വിവിധ കോണുകളിൽ നിന്നുള്ള ആവശ്യം പരിഗണച്ച് റജിസ്‌റേഷൻ വകുപ്പിന്റെ അനുമതിയോടെ രണ്ട് മാസം മുൻമ്പ് നികുതി വകുപ്പ് സെക്രട്ടറിയാണ് നവംബർ ഒന്ന് മുതൽ ഇരിട്ടി സബ് രജിസ്റ്റാർ ഓഫീസ് എന്ന് പുനർനാമകരണം ചെയ്തുകൊണ്ട് ഉത്തരവിറക്കിയത്. നടപടിക്രമങ്ങൾ എല്ലാം പൂർത്തിയാക്കിയതായും ചൊവ്വാഴ്ച്ച മുതൽ റജിസ്‌ട്രേഷൻ നടപടികളിലെല്ലാം ഇരിട്ടി എന്ന പേരിലായിരിക്കുമെന്ന് സബ്ബ് രജിസ്റ്റാർ എം.എൻ. ദിലീപൻ പറഞ്ഞു. ഇതോടെ 111 വർഷത്തോളമായി നിലനിന്ന വിളിപ്പേര് ചരിത്രമായി മാറും.
إرسال تعليق