ബസിലെ ലൈറ്റും മ്യൂസിക് സിസ്റ്റവും നോക്കി വിനോദ യാത്രയ്ക്ക് ടൂറിസ്റ്റ് ബസ് ബുക്ക് ചെയ്യുന്നതാണ് ഇക്കാലത്തെ ട്രെൻഡ്. അടിച്ചുപൊളിക്കാൻ പോകുന്ന യാത്രയിൽ കണ്ണഞ്ചിപ്പിക്കുന്ന ലൈറ്റുകളും കാതടപ്പിക്കുന്ന മ്യൂസികും നിർബന്ധമാണെന്നാണ് പിള്ളേരുടെ പക്ഷം. എന്നാൽ വടക്കഞ്ചേരിയിൽ വിനോദയാത്രയ്ക്കുപോയ ടൂറിസ്റ്റ് ബസ് കെഎസ്ആർടിസി ബസിൽ ഇടിച്ചുണ്ടായ അപകടത്തെ തുടർന്ന് അടിപൊളി ബസുകൾ ബുക്ക് ചെയ്യുന്ന ട്രെൻഡിൽ മാറ്റം വരുകയാണോയെന്ന ചോദ്യവും ഉയരുന്നു.
കഴിഞ്ഞ ദിവസം വിളക്കുമാടം സെന്‍റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥികൾ വിനോദയാത്ര പോയത് കെഎസ്ആർടിസി ബസിലായിരുന്നു. മറ്റിടങ്ങളിലേത് പോലെ ഒരു ടൂറിസ്റ്റ് ബസ് തന്നെയാണ് വിളക്കുമാടം സെന്‍റ് ജോർജ് ഹയർസെക്കൻഡറി സ്കൂൾ അധികൃതർ വിനോദയാത്രയ്ക്കായി വിളിച്ചിരുന്നത്. എന്നാൽ വടക്കഞ്ചേരി അപകടത്തിന്‍റെ പശ്ചാത്തലത്തിൽ മോട്ടോർ വാഹനവകുപ്പുമായി ബന്ധപ്പെട്ടപ്പോൾ അവർ ബുക്ക് ചെയ്ത ബസിന് അനുമതി നിഷേധിക്കപ്പെട്ടു.
ഇതോടെ വിദ്യാർഥികളും അധ്യാപകരും നിരാശയിലായി. എന്നാൽ വളരെ പെട്ടെന്ന് തന്നെ പരിഹാരനിർദേശം അധ്യാപകരുടെ ഇടയിൽനിന്ന് ഉയർന്നു. ഇത്തവണ വിനോദയാത്ര കെഎസ്ആർടിസി ബസിലാക്കാമെന്നായിരുന്നു ആ നിർദേശം. ഇത് കേട്ടവർ ആദ്യമൊന്ന് നെറ്റി ചുളിച്ചെങ്കിലും, കെഎസ്ആർടിസിയുടെ ബജറ്റ് ടൂറിസ് പാക്കേജുകളെക്കുറിച്ച് അറിഞ്ഞതോടെ, അവർക്ക് സമാധാനമായി. അങ്ങനെ തൊട്ടടുത്തുള്ള പാലാ കെഎസ്ആർടിസി ഡിപ്പോയുമായി ബന്ധപ്പെട്ട് ബസ് ബുക്ക് ചെയ്തു.
പാലാ ഡിപ്പോയിലെ പുതുപുത്തൻ ഫാസ്റ്റ് പാസഞ്ചർ ബസാണ് വിളക്കുമാടം സെന്‍റ് ജോർജ് ഹയർസെക്കൻഡറി സ്കൂളിലെ വിദ്യാർഥികൾക്കായി അനുവദിച്ചത്. വാഗമണിലേക്കായിരുന്നു ഈ ഏകദിന വിനോദയാത്ര നടത്തിയത്. ആദ്യം പറഞ്ഞതുപോലെ ലൈറ്റും ലേസർ ഷോയുമൊന്നും ഇല്ലായിരുന്നെങ്കിലും കുട്ടികൾ സംതൃപ്തരായിരുന്നു. ബസിലെ സ്പീക്കറിലൂടെ കേട്ട പാട്ടുകൾക്കൊപ്പം അവർ ചുവടുവെച്ചു. ആടിയും പാടിയും കുട്ടികൾ യാത്ര അടിപൊളിയാക്കി.
30 കുട്ടികളും അഞ്ച് അധ്യാപകരുമായിരുന്നു വാഗമണിലേക്കുള്ള യാത്രയിൽ ഉണ്ടായിരുന്നത്. ഏറെ സുരക്ഷിതമായിരുന്നു ഈ യാത്രയെന്ന് സ്കൂൾ അധികൃതർ പറയുന്നു. സ്കൂൾ വിനോദയാത്ര ക്ലിക്കായതിന്‍റെ ആവേശം കെഎസ്ആർടിസി അധികൃതർക്കുമുണ്ട്. ആദ്യ യാത്ര വിജയമായതോടെ കൂടുതൽ ബുക്കിങ്ങുകൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ഡിപ്പോ അധികൃതർ. ഈ ട്രെൻഡ് വൈകാതെ സംസ്ഥാനത്ത് വ്യാപകമാകുമെന്നും വിലയിരുത്തലുണ്ട്.
إرسال تعليق