കൊച്ചിയില്‍ ബാറില്‍ വെടിവയ്പ്. കൊച്ചി കുണ്ടന്നൂരിലുള്ള ഓജീസ് കാന്താരീ എന്ന ബാറിലാണ് ഇന്ന് വൈകീട്ട് നാല് മണിയോടെ മദ്യപിക്കാനെത്തിയവര്‍ വെടിവയ്പ് നടത്തിയത്. മദ്യപിച്ച് ബില്ല് നല്‍കി പോകും വഴി ബാറിന്റെ ചുമരിലേക്ക് പിസ്റ്റള്‍ ഉപയോഗിച്ച് വെടിയുതിര്‍ക്കുകയായിരുന്നു. ആര്‍ക്കും പരിക്കേറ്റിട്ടില്ല. ഇത് കണ്ട് ബാര്‍ ജീവനക്കാരും, ബാറില്‍ ഉണ്ടായിരുന്ന മറ്റുള്ളവരും പുറത്തേക്കിറങ്ങിയോടി. വെടി വയ്പ് നടത്തിയവര്‍ ഉടന്‍ കടന്ന് കളയുകയും ചെയ്തു.
നാല് മണിക്കാണ് വെടിവയ്പ് നടന്നതെങ്കിലും വൈകീട്ട് ഏഴ് മണിയോടെയാണ് ബാറുടമകള്‍ പൊലീസില്‍ പരാതി നല്‍കിയത്. പൊലീസ് ഉടന്‍ തന്നെ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ബാറിപ്പോള്‍ പൂട്ടിയിരിക്കുകയാണ്. വെടിവെയ്പ് ഉണ്ടായ സമയത്ത് തന്നെ പൊലീസില്‍ പരാതി നല്‍കാത്തത് കൊണ്ട് അക്രമികള്‍ക്ക് കടന്ന് കളയാന്‍ കഴിഞ്ഞു.
എന്നാല്‍ ഇവരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ അറസ്റ്റുണ്ടാകുമെന്നും പൊലീസ് പറഞ്ഞു. സി സി ടി വി ദൃശ്യങ്ങളില്‍ നിന്നും ഇവര്‍ സഞ്ചരിച്ച വാഹനം വ്യക്തമായിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
إرسال تعليق