Join News @ Iritty Whats App Group

നാളെ രാവിലെ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം;ഗവര്‍ണര്‍ക്ക് മറുപടി?




തിരുവനന്തപുരം: ഗവര്‍ണര്‍ക്ക് മറുപടി നല്‍കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍. നാളെ രാവിലെ 10.30 ന് പാലക്കാട് മാധ്യമങ്ങളെ മുഖ്യമന്ത്രി കാണും. ഒന്‍പത് വിസിമാര്‍ക്ക് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയതിന് പിന്നാലെയാണ് മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം വിളിച്ചത്. കേരള, കാലിക്കറ്റ്, എംജി, കണ്ണൂർ, കുസാറ്റ്, കാലടി, ഫിഷറീസ്, കെടിയു, മലയാളം സർവ്വകലാശാല വിസിമാർക്കാണ് രാജിക്കുള്ള അന്ത്യശാസനം ഗവര്‍ണര്‍ നല്‍കിയിരിക്കുന്നത്. യുജിസി മാർഗനിർദേശം ലംഘിച്ചുള്ള നിയമനമെന്ന് ചൂണ്ടിക്കാട്ടിയാണ് ചാൻസലറുടെ നപടി. ഇതിൽ സെർച്ച് കമ്മിറ്റി ഒറ്റപ്പേര് നൽകിയതിനാലാണ് കേരള, എംജി, കണ്ണൂർ, കെടിയു, ഫിഷറീസ് കാലടി വിസിമാർ രാജിവെക്കേണ്ടത്. ബാക്കി കാലിക്കറ്റ്, കുസാറ്റ്, മലയാളം വിസിമാർ പുറത്തുപോകേണ്ടത് സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലാത്ത സാഹചര്യത്തിലാണ്. 

പല കാലങ്ങളിലായി നടന്ന നിയമനങ്ങളാണ് ഒറ്റയടിക്ക് സമയപരിധി വെച്ച് ഗവർണര്‍ അസാധുവാക്കിയത്. കെടിയു വിസി വിധി ഗവർണ്ണർ ആയുധമാക്കുമെന്ന് സർക്കാരിന് ആശങ്കയുണ്ടായിരുന്നു. എന്നാൽ സർക്കാരിനോടും വിസിമാരോടും വിശദീകരണം പോലും ചോദിക്കാതെ കൂട്ടരാജിക്കുള്ള നിർദ്ദേശം തീർത്തും അപ്രതീക്ഷിതം. രണ്ടും കല്‍പ്പിച്ച് വാളെടുത്ത ഗവർണ്ണറോട് മുട്ടാൻ തന്നെയാണ് സർക്കാരിന്‍റെയും നീക്കം. രാജിവെച്ച് കീഴടങ്ങേണ്ടെന്നാണ് സർക്കാർ ആലോചന. പുറത്താക്കുന്നുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെ, സ്വയം രാജിവെച്ച് പോകേണ്ടെന്നാണ് വിസിമാർക്കുള്ള സർക്കാർ സന്ദേശം.

ഗവര്‍ണറുടെ നടപടിയെ നിയമപരമായി ചോദ്യം ചെയ്യാനാണ് സർക്കാർ ആലോചിക്കുന്നത്. ഭരണഘടനാ വിദഗ്ധരുമായി ആലോചന തുടങ്ങി. പക്ഷേ കോടതിയെ സമീപിച്ചാലും കഴിഞ്ഞ ദിവസത്തെ സുപ്രീംകോടതി വിധി തിരിച്ചടിയാണ്. കേസിൽ നിയമന അധികാരിയായ ഗവർണറും പിന്നെ യുജിസിയും മാനദണ്ഡം നിർബന്ധമാണെന്ന് നിലപാടെടുത്താൽ അവിടെയും രക്ഷിയില്ലാതാകും. പതിനൊന്നരക്കുള്ളിൽ രാജിയില്ലെങ്കിൽ രാജ്ഭവന്‍റെ അടുത്തനീക്കവും അമ്പരിപ്പിക്കുന്നതാകും. നിലവിലെ വിസിമാരെ മാറ്റി പകരം ചുമതല നൽകി വീണ്ടും സർക്കാരിനെ വെട്ടിലാക്കാനിടയുണ്ട്. അടുത്തിടെ ഓരോ സർവ്വകലാശാലകളിലെയും മുതിർന്ന പ്രൊഫസർമാരുടെ പട്ടിക വിസിമാരോട് ഗവർണ്ണർ ചോദിച്ച് വാങ്ങിയിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group