Join News @ Iritty Whats App Group

ആരിഫ് മുഹമ്മദ് ഖാൻ ആ‍ര്‍എസ്എസിൻ്റെ അടിമ മാത്രം, കേരളത്തിന്റെ പ്രതിഷേധം കാണാൻ ഇരിക്കുന്നതേ ഉള്ളു; എം.സ്വരാജ്.

ആരിഫ് മുഹമ്മദ് ഖാൻ ആർ.എസ്.എസിൻ്റെ അടിമയെന്ന് സിപിഎം നേതാവ് എം.സ്വരാജ്. ഗവർണ്‍മെൻ്റിനായി പ്രവ‍‍ര്‍ത്തിക്കേണ്ട ഉദ്യോഗസ്ഥൻ മാത്രമാണ് ഒരു ഗവർണർ എന്നും എന്നാൽ കാണിക്കുന്നത് എകാധിപത്യം ആണെന്നും സ്വരാജ് കുറ്റപ്പെടുത്തി.

“മലയാളികൾക്ക് ആർക്കും ഗവർണറോട് താത്പര്യമില്ല. അദ്ദേഹത്തിന് പ്രീതി നഷ്ടപെട്ട കഴിഞ്ഞിരിക്കുന്നു. അവസരവാദിയായ ഒരു ആളാണ് ആരിഫ് മുഹമ്മദ് ഖാൻ. അഴിമതിക്കാരനായ ഗവർണർക്ക് സ്ഥാനത്ത് തുടരാൻ അർഹതയില്ല. രാജിവെക്കണം, കേരളത്തിന്റെ പ്രതിഷേധം അദ്ദേഹം കാണാൻ പോകുന്നതേ ഉള്ളു.” സ്വരാജ് പറഞ്ഞു.

ഗവര്‍ണറുടെയും മുഖ്യമന്ത്രിയുടെയും കത്തിടപാടില്‍ പ്രതികരിക്കാനില്ലെന്ന് ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ പറഞ്ഞിരുന്നു. കത്ത് കണ്ടിട്ടില്ല. ഇതില്‍ മുഖ്യമന്ത്രി മറുപടി നല്‍കും. രണ്ടു പേരും സുപ്രധാന ഭരണഘടനാപദവി വഹിക്കുന്നവരാണ്. കേരളത്തിലെന്നല്ല, ഇന്ത്യയില്‍ പോലും ഇങ്ങനെയൊക്കെ നടക്കാറുണ്ടോയെന്ന് അറിയില്ലെന്നും ബാലഗോപാല്‍ പറഞ്ഞു.

അതേസമയം, ധനമന്ത്രിയില്‍ തനിക്ക് അപ്രീതിയുണ്ടായതിനാല്‍ പുറത്താക്കണമെന്ന ഗവര്‍ണറുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. ധനമന്ത്രി നടത്തിയ പ്രസംഗം ഗവര്‍ണറെ അപമാനിക്കുന്നതല്ലെന്ന് പറഞ്ഞ അദ്ദേഹം ഗവര്‍ണറുടെ ആരോപണങ്ങളില്‍ കഴമ്പില്ലെന്നും മറുപടി നല്‍കി.

ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതിലുള്ള അതൃപ്തി ഗവര്‍ണര്‍ മുഖ്യമന്ത്രിയെ രേഖാമൂലമാണ് അറിയിച്ചത്. തന്നെ അപമാനിക്കുന്ന തരത്തില്‍ കെ.എന്‍ ബാലഗോപാല്‍ പ്രസംഗിച്ചെന്നും ഇത് സത്യപ്രതിജ്ഞാ ലംഘനമാണെന്നും ഗവര്‍ണര്‍ കത്തില്‍ ആരോപിച്ചു. ഗവര്‍ണര്‍ സര്‍ക്കാര്‍ പോര് രൂക്ഷമാകുന്നതിനിടയിലാണ് ഈ അസാധാരണ നീക്കം.

Post a Comment

أحدث أقدم
Join Our Whats App Group