ഇരിട്ടി: വ്യാപാര മേഖലയെ തകര്‍ക്കുന്ന തരത്തില്‍ സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പച്ചക്കറി, പഴ വര്‍ഗങ്ങള്‍ പോലുള്ള സാധന സാമഗ്രികള്‍ വാഹനങ്ങളിലും മറ്റുമായി യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ വില്‍പന നടത്തുന്നതിനെതിരെ നഗരസഭയും പോലീസും നടപടി സ്വീകരിക്കണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു.
ഇരിട്ടി പട്ടണത്തിലെ വ്യാപാര മേഖല വന്‍ പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നത്. ജി എസ് ടി ഉള്‍പ്പെടെ എല്ലാ സര്‍ക്കാര്‍ നികുതികളും, വര്‍ധിപ്പിച്ച കെട്ടിടവാടകയും കൊടുത്ത് കച്ചവടം മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യത്തിനിടയില്‍ ടൗണിലെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് മുന്നില്‍ പച്ചക്കറിയും പഴ വര്‍ഗങ്ങളും പോലുള്ള സാധനങ്ങള്‍ വാഹനങ്ങളിലും മറ്റുമായി വിവിധ ഇടങ്ങളില്‍ കൂട്ടമായി തമ്പടിച്ച് ചെയ്യുന്ന വഴിയോര കച്ചവടം വ്യാപാരികള്‍ക്ക് ഭീഷണിയായി നിലനില്‍ക്കുന്നു. ഇന്ന് ടൗണിലെത്തുന്ന സ്വകാര്യ വാഹനങ്ങളുടെ പാര്‍ക്കിംഗ് സ്ഥലങ്ങളില്‍ ഗുഡ്‌സ് വാഹനം നിര്‍ത്തിയിട്ടാണ് കച്ചവടം നടത്തുന്നത്. വഴിയോര കച്ചവടക്കാര്‍ക്ക് കച്ചവടം നടത്താനും അവര്‍ക്ക് ജീവിക്കാനുമായി ഇത്തരം കച്ചവടക്കാര്‍ക്ക് പ്രത്യേകം സ്ഥലം അനുവദിച്ച് കൊടുക്കാന്‍ നഗരസഭ മുന്‍കൈ എടുക്കണം. നഗരസഭയുടെയും പോലീസിന്റെയും നേതൃത്വത്തില്‍ ശക്തമായ നടപടി സ്വീകരിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ പ്രക്ഷോഭപരിപാടികളുമായി മുന്നോട്ട് പോകുമെന്നും വ്യാപാരി നേതാക്കള്‍ പറഞ്ഞു. പത്ര സമ്മേളനത്തില്‍ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ് റെജി തോമസ്, ജനറല്‍ സെക്രട്ടറി കെ. അബ്ദുള്‍ റഹ്മാന്‍ , സജേഷ് ബാബു, പി. പി. കുഞ്ഞൂഞ്ഞ്, എന്‍. വി. ചന്ദ്രഭാനു, കെ. പി. മുസ്തഫ എന്നിവര്‍ സംബന്ധിച്ചു.
إرسال تعليق