Join News @ Iritty Whats App Group

വിഷ്ണുപ്രിയയെ കൊന്ന ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം ചെയ്തു, ഞെട്ടിക്കുന്ന വിവരം പൊലീസിന്


കണ്ണൂർ : കണ്ണൂർ പാനൂരിൽ ഇരുപത്തിമൂന്ന് വയസുകാരിയായ വിഷ്ണുപ്രിയയെ പ്രണയപ്പകയിൽ വീട്ടിൽ കയറി കൊന്ന കേസിൽ അറസ്റ്റിലായ പ്രതി ശ്യാംജിത്ത് മറ്റൊരു കൊലപാതകം കൂടി ആസൂത്രണം നടത്തിയിരുന്നതായി വിവരം. വിഷ്ണുപ്രിയയുടെ പൊന്നാനി സ്വദേശിയായ സുഹൃത്തിനെയും കൊല്ലാനാണ് ശ്യാംജിത്ത് പദ്ധതിയിട്ടത്. ഇയാൾ വിഷ്ണുപ്രിയയുമായി പ്രണയത്തിലാണെന്ന് ശ്യാംജിത് സംശയിച്ചിരുന്നു. പ്രണയം തകർന്നതാണ് പകയിലേക്ക് എത്തിയത്. പ്രണയം പെൺകുട്ടി അവസാനിപ്പിച്ചതോടെ ശ്യാംജിത്തിന് സംശയം തുടങ്ങി. സുഹൃത്തുമായി പ്രണയത്തിലാണെന്ന് സംശയിച്ചു. ഇതോടെ വിഷ്ണുപ്രിയയെയും സുഹൃത്തിനെയും കൊല്ലാൻ തീരുമാനിച്ചു. 

സീരിയൽ കില്ലറുടെ കഥ പറയുന്ന മലയാളം സിനിമയായ അഞ്ചാംപാതിരയാണ് കൊലപാതകത്തിന് ശ്യാംജിത്തിന് പ്രചോദനമായത്. ഇതിൽ സ്വന്തമായി കത്തിയുണ്ടാക്കുന്ന രീതിയുണ്ട്. അത് കണ്ടാണ് കത്തി സ്വയമുണ്ടാക്കി കൊല നടത്താൻ തീരുമാനിച്ചത്. വിഷ്ണുപ്രിയയുടെ പൊന്നാനിക്കാരനായ സുഹൃത്തിനെ പൊലീസ് സാക്ഷിയാക്കും. പെൺകുട്ടിയെ തലക്കടിച്ച് വീഴ്ത്തുന്നത് ഇയാൾ ഫോണിലൂടെ കണ്ടിരുന്നു

വീട്ടിൽ കയറി പെൺകുട്ടിയെ ചുറ്റിക കൊണ്ട് തലക്കടിച്ച് വീഴ്ത്തി, കഴുത്തറുത്ത് കൊലപ്പെടുത്തിയ പ്രതി മാനന്തേരിയിലെ ഒരു കുളത്തിലാണ് കൊലക്കത്തി ഉപേക്ഷിച്ചത്. പ്രതിയുമായി പൊലീസ് സംഘം മാനന്തേരിയിൽ നടത്തിയ തെളിവെടുപ്പിൽ നിർണായക തെളിവുകൾ കണ്ടെത്തി. കുളത്തിൽ ഉപേക്ഷിച്ച ബാഗിലാണ് കൊലപാതക കൃത്യത്തിനായി ഉപയോഗിച്ച ചുറ്റികയും കത്തിയും കണ്ടെത്തിയത്. കൊലപാതക സമയത്ത് ഉപയോഗിച്ചിരുന്ന മാസ്ക്, തൊപ്പി, സ്ക്രൂ ഡ്രൈവർ എന്നിവയും ബാഗിലുണ്ടായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group