ലഖ്‌നൗ : ഗുരുതരമായി പരിക്കേറ്റ് സഹായത്തിനായി അപേക്ഷിക്കുന്ന പെൺകുട്ടിയെ രക്ഷിക്കുന്നതിന് പകരം വീഡിയോ പകർത്തി ആൾക്കൂട്ടം. ഉത്തർപ്രദേശിലെ കനൗജിൽ നിന്നുള്ള ക്രൂരമായ ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. നിലത്ത് വീണ് കിടക്കുന്ന, ചോരയൊലിച്ചുകൊണ്ടിരിക്കുന്ന, പെൺകുട്ടി സഹായത്തിനായി കൈ നീട്ടുമ്പോഴും ആളുകൾ ചുറ്റും കൂടി നിന്ന് വീഡിയോ എടുക്കുകയായിരുന്നു.
ഞായറാഴ്ച വീട്ടിൽ നിന്ന് കാണാതായി മണിക്കൂറുകൾക്ക് ശേഷമാണ് പതിമൂന്നുകാരിയെ തലയിൽ ഉൾപ്പെടെ ഒന്നിലധികം മുറിവുകളോടെ കണ്ടെത്തിയത്. അവൾ സഹായത്തിനായി കേഴുമ്പോഴും പുരുഷന്മാർ അവളെ വിവിധ കോണുകളിൽ നിന്ന് ചിത്രീകരിക്കുന്ന 25 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയാണ് പുറത്തെത്തിയിരിക്കുന്നത്.
പൊലീസിനെ അറിയിച്ചോ എന്ന് ആരോ ചോദിക്കുന്നതിന്റെ ശബ്ദം കേൾക്കാം. മറ്റൊരാൾ പൊലീസ് മേധാവിയുടെ നമ്പർ ചോദിക്കുന്നുമുണ്ട്. എന്നാൽ പെൺകുട്ടിയെ സഹായിക്കാൻ ശ്രമിക്കാതെ ചിത്രീകരണം തുടരുകയാണ്. പൊലീസ് എത്തുന്നതുവരെ ഇത് തുടർന്നു. ഒരു പോലീസുകാരൻ പരിക്കേറ്റ പെൺകുട്ടിയുമായി ഒരു ഓട്ടോറിക്ഷയിലേക്ക് ഓടുന്ന മറ്റൊരു വീഡിയോയും പ്രചരിക്കുന്നുണ്ട്.
"പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പരിക്കേറ്റ നിലയിൽ കണ്ടെത്തി. ലോക്കൽ പോലീസ് അവളെ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിച്ചു," പോലീസ് സൂപ്രണ്ട് കുൻവർ അനുപം സിംഗ് പ്രസ്താവനയിൽ പറഞ്ഞു. പെൺകുട്ടിയുടെ വീട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു. പെൺകുട്ടി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടിട്ടുണ്ടോ എന്ന് വ്യക്തമല്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് പറഞ്ഞു.
إرسال تعليق