Join News @ Iritty Whats App Group

അരോ​ഗ്യനില മോശം; ചികിത്സയ്ക്കുവേണ്ടി ഉമ്മൻ ചാണ്ടി ജർമ്മനിയിലേക്ക്


അരോ​ഗ്യനില മോശമായതിനെ തുടർന്ന് വിദ​ഗ്ധ ചികിത്സയ്ക്കായി ഉമ്മന്‍ചാണ്ടി ജര്‍മ്മനയിലേക്ക് പോകുന്നുവെന്ന് വിവരം. ഇപ്പോൾ ആലുവ പാലസില്‍ വിശ്രമത്തിലാണ് അദ്ദേഹം. രാജഗിരി ആശുപത്രിയിലാണ് ഉമ്മന്‍ചാണ്ടിയുടെ നിലവിലെ ചികിത്സ നടക്കുന്നത്. ഉമ്മന്‍ചാണ്ടിക്ക് വേണ്ടവിധത്തിലുള്ള ചികിത്സ നല്‍കുന്നില്ലെന്നടക്കമുള്ള സമൂഹമാധ്യമങ്ങളിലെ പ്രചാരണം പൂർണമായും അടിസ്ഥാന രഹിതമാണെന്ന് മകൻ ചാണ്ടി ഉമ്മൻ പ്രതികരിച്ചു. 

”ചികിത്സാ നിഷേധം നടത്തിയിട്ട് ഞങ്ങൾക്ക് എന്താണ് നേടാനുളളത്?. ഇതുപോലെ വിഷമമുണ്ടായ ഒരു സന്ദർഭം ജീവിതത്തിൽ മുൻപ് ഉണ്ടായിട്ടേയില്ല. അദ്ദേഹത്തിന് ഏറ്റവും മികച്ച ചികിത്സ ലഭ്യമാക്കണമെന്നാണ് എല്ലാവരുടെയും ആ​ഗ്രഹം. ഇതുപോലുള്ള വ്യാജപ്രചാരണം നടത്തുന്നവർ ദയവ് ചെയ്ത് അതിൽ നിന്ന് പിൻമാറണം. മനുഷ്യത്വപരമായ സമീപനം സ്വീകരിക്കണം എന്ന് തെറ്റായ പ്രചാരണം നടത്തുന്നവരോട് അഭ്യർത്ഥിക്കുന്നു. 2015ലും 2019ലും അദ്ദേഹത്തിന് അസുഖം വന്നിട്ടുണ്ട്. 2015ല്‍ രോ​ഗം വന്നപ്പോള്‍ വലിയ പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല. 2019ല്‍ ആരോ​ഗ്യനില മോശമായപ്പോൾ ജര്‍മനിയിലും യുഎസിലും ചികിത്സയ്ക്കായി പോയി.
”. – ചാണ്ടി ഉമ്മൻ വ്യക്തമാക്കി.

രോ​ഗ വിവരങ്ങൾ പറഞ്ഞപ്പോൾ രാഹുല്‍ ഗാന്ധിയാണ് ഉടന്‍ തന്നെ ഉമ്മന്‍ ചാണ്ടിയെ ജര്‍മനിയിലേക്ക് കൊണ്ടുപോകണമെന്ന് നിര്‍ദേശിച്ചത്. എന്നാല്‍ ഹോമിയോ ചികിത്സയ്ക്കായിട്ടാണ് ജര്‍മനിയില്‍ കൊണ്ടുപോകുന്നതെന്ന പ്രചാരണം തെറ്റാണെന്നും അലോപ്പതി ചികിത്സയാണ് ലഭ്യമാക്കുന്നതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കുന്നു. ഉമ്മൻ ചാണ്ടിയുടെ ആരോഗ്യസ്ഥിതിയുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ പല തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നത്. ഇതെല്ലാം പൂർണമായും തള്ളിക്കളയുകയാണ് അദ്ദേഹത്തിന്റെ കുടുംബം.

Post a Comment

أحدث أقدم
Join Our Whats App Group